17 December Monday

കോൺഗ്രസ‌് പ്രവർത്തകസമിതി: ചെന്നിത്തലയെ തഴഞ്ഞു, ഉമ്മൻചാണ്ടി വേണുഗോപാലിനും താഴെ

പ്രത്യേക ലേഖകൻUpdated: Thursday Jul 19, 2018

തിരുവനന്തപുരം > കോൺഗ്രസ‌് പ്രവർത്തക സമിതിയിലേക്ക‌് കേരളത്തിൽനിന്ന‌് മൂന്ന‌ുപേരെ നിയമിച്ചിട്ടും തഴയപ്പെട്ടതിൽ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയ‌്ക്ക‌് കടുത്ത നിരാശ. ബുധനാഴ‌്ച നടത്തുമെന്ന‌് പ്രഖ്യാപിച്ച വാർത്താ സമ്മേളനംപോലും കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽ ഗാന്ധിയുടെ തീരുമാനം വന്ന ഉടൻ ചെന്നിത്തല റദ്ദാക്കി. സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതിന്റെ ഭാഗമായി ഡൽഹിയിലെത്തുന്ന ചെന്നിത്തല കോൺഗ്രസ‌് പ്രസിഡന്റിനെ കണ്ട‌് സങ്കടം അറിയിക്കുമെന്നും സൂചനയുണ്ട‌്.
 ഒരു കാലത്ത‌് ഹൈക്കമാൻഡിന്റെ ഗുഡ‌് ബുക്കിലായിരുന്നു ചെന്നിത്തല. പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായും ദീർഘകാലമുണ്ടായി. സ്ഥിരം ക്ഷണിതാവ‌് പിന്നീട‌് ഒഴിവുവരുമ്പോൾ പ്രവർത്തക സമിതിയിലെത്തുന്ന പതിവ‌് കോൺഗ്രസിലുണ്ട‌്. അങ്ങനെയൊരു പ്രതീക്ഷയിലുമായിരുന്നു ചെന്നിത്തലയെങ്കിലും അതും തകർന്നു.

തന്നെ തഴഞ്ഞതിലുപരി തന്നേക്കാൾ ജൂനിയറായ കെ സി വേണുഗോപാലിനെയും എതിർ ഗ്രൂപ്പുകാരനായ ഉമ്മൻചാണ്ടിയെയും ഉൾപ്പെടുത്തിയെന്നതാണ‌് കൂടുതൽ വിഷമം.  വർക്കിങ‌് കമ്മിറ്റിയിൽ എത്തിയെങ്കിലും ഉമ്മൻചാണ്ടിയും തൃപ‌്തനല്ല. എഐസിസി ജനറൽ സെക്രട്ടറിമാരിൽ ഒന്നാമനായി ഉമ്മൻചാണ്ടിയുടെ പേര‌് എഴുതിവച്ചിട്ടുണ്ടെന്നായിരുന്നു എ ഗ്രൂപ്പുകാരുടെ തള്ള‌്. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി കേരളത്തിൽനിന്ന‌് നാട‌് കടത്തപ്പെട്ടതിന്റെ നാണക്കേട‌് മറയ‌്ക്കാനായിരുന്നു എ ഗ്രൂപ്പുകാർ ഒന്നാമൻ കഥയുണ്ടാക്കിയത‌്. എന്നാൽ, പ്രവർത്തക സമിതിയുടെ പട്ടിക പുറത്തിറക്കിയപ്പോൾ ഉമ്മൻചാണ്ടിയുടെ സ്ഥാനം ഏറ്റവും അവസാനം. കെ സി വേണുഗോപാലിനും പിറകിൽ. എങ്കിലും പ്രവർത്തക സമിതിയിൽ സ്ഥാനം പിടിച്ചതിൽ നെടുവീർപ്പിടുകയാണ‌് ഉമ്മൻചാണ്ടിയും എ ഗ്രൂപ്പും.

അതേസമയം, ചെന്നിത്തലയും ഐ ഗ്രൂപ്പും കടുത്ത പ്രതിസന്ധിയിലുമായി. ഉടൻതന്നെ കെപിസിസി പ്രസിഡന്റ‌് സ്ഥാനത്തേക്കും പുതിയ ആളെ നിയമിക്കും. പ്രതിപക്ഷ നേതൃപദവി ഐ ഗ്രൂപ്പിനായതിനാൽ  പ്രസിഡന്റ‌് സ്ഥാനം കിട്ടില്ല. എങ്കിലും ഗ്രൂപ്പിന‌് പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത ആളാണ‌് പ്രസിഡന്റ‌് ആകുന്നതെങ്കിലും അതും തിരിച്ചടിയാകും. നിലവിൽ ഐ ഗ്രൂപ്പിന് വ്യക്തമായ നേതാക്കളില്ല. ഗ്രൂപ്പിലെ പ്രമുഖരൊന്നും ചെന്നിത്തലയെ വകവയ‌്ക്കുന്നുമില്ല. പുതിയ സാഹചര്യത്തിൽ ഇത‌് കൂടുതൽ രൂക്ഷമാകും.

 കെ സുധാകരൻ, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ വി തോമസ‌്, പി സി ചാക്കോ തുടങ്ങി പലരും കെപിസിസി പ്രസിഡന്റിന്റെ കുപ്പായം തയ‌്ച് കാത്ത‌ുനിൽക്കുകയാണ‌്. കോൺഗ്രസ‌് പ്രവർത്തക സമിതിയിലേക്കുള്ള സ്ഥിരം ക്ഷണിതാവായി വന്നതോടെ നറുക്ക‌്   പി സി ചാക്കോയ‌്ക്ക‌് വീഴുമോ എന്ന‌് സംശയിക്കുന്നവരുമുണ്ട‌്. മുമ്പ‌് ഐ ഗ്രൂപ്പുകാരനായിരുന്ന ചാക്കോ ഇപ്പോൾ ഗ്രൂപ്പില്ലാ ഗ്രൂപ്പിലാണ‌്. മുല്ലപ്പള്ളിയും കെ വി തോമസും ഇതേ പാതയിലാണ‌്.  എന്നാൽ, സാമുദായിക പരിഗണന കണക്കിലെടുക്കുന്ന പാർടിയായതിനാൽ ചാക്കോയ‌്ക്കും കെ വി തോമസിനും സാധ്യത കുറവാണ‌്. പ്രവർത്തക സമിതിയിൽ ഒരേ വിഭാഗത്തിൽപ്പെട്ട മൂന്ന‌ുപേർ വന്നുവെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. അങ്ങനെ വരുമ്പോൾ നറുക്ക‌് മുല്ലപ്പള്ളിക്കാകും. ഐ ഗ്രൂപ്പ‌് മാറി എ ഗ്രൂപ്പിൽ എത്തിയ കെ മുരളീധരന‌ുവേണ്ടിയും ചരടുവലി നടക്കുന്നു.
 നിലവിലെ സാഹചര്യത്തിൽ ആര‌് വന്നാലും ചെന്നിത്തലയുടെ നിലനിൽപ്പ‌് അപകടത്തിലാണ‌്. പ്രതിപക്ഷ നേതാവ‌് സ്ഥാനംപോലും നഷ്ടപ്പെടുമെന്ന ഭീതിയും ചെന്നിത്തലയ‌്ക്കുണ്ട‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top