14 December Friday

വ്യവസായം തുടങ്ങാന്‍ നടപടി ലളിതമാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

തിരുവനന്തപുരം > വ്യവസായ വളർച്ചയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകുന്ന വ്യവസായ‐വാണിജ്യ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. നേരത്തെ പ്രസിദ്ധീകരിച്ച നയത്തിന്റെ കരടിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ ചർച്ചയിലെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ് അന്തിമരൂപം നൽകിയത്. വ്യവസായങ്ങൾ തുടങ്ങുന്നതിന‌് നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും സമയബന്ധിതമായി അനുമതി നൽകുമെന്നും നയം പ്രഖ്യാപിക്കുന്നു.

പ്രാദേശികവിഭവങ്ങൾ പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയിൽ സൂക്ഷ്മ‐ചെറുകിട‐ഇടത്തരം സംരംഭങ്ങൾ ആരംഭിച്ച് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കും. പ്രവാസികളെയും സ്ത്രീകളെയും യുവാക്കളെയും വിമുക്തഭടൻമാരെയും വ്യവസായസംരംഭം തുടങ്ങാൻ പ്രോത്സാഹിപ്പിക്കും.
സ്വകാര്യവ്യവസായ എസ്റ്റേറ്റുകൾ പ്രോത്സാഹിപ്പിക്കും. മലബാർ മേഖലയിൽ പ്രകൃതിവാതകം ഉപയോഗിച്ചുള്ള വ്യവസായം തുടങ്ങുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തും. മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പ്രത്യേക പരിഗണന നൽകും. മുഴുവൻ പൊതുമേഖലാ വ്യവസായങ്ങളെയും ലാഭത്തിലാക്കാൻ നടപടി സ്വീകരിക്കും. സ്വന്തം ലാഭം ഉപയോഗിച്ച് ഓരോ പൊതുമേഖലാ വ്യവസായവും വിപുലീകരിക്കും. മലബാർ സിമന്റ്സിലേയും ടിസിസിയിലേയും ഉൽപ്പാദനം ഇരട്ടിയാക്കും.

ട്രാവൻകൂർ സിമന്റ്സിൽ ഗ്രേ സിമന്റ് ഉൽപ്പാദനം ആരംഭിക്കും. സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും നവീകരണത്തിനും കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. കേന്ദ്ര‐സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കും. കേന്ദ്രസർക്കാർ പൂട്ടാനോ സ്വകാര്യവൽക്കരിക്കാനോ തീരുമാനിച്ച ബിഎച്ച്ഇഎൽ‐ബിഇഎംഎൽ, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് എന്നിവ ഏറ്റെടുക്കാനുള്ള നടപടികളുമായി  മുന്നോട്ടുപോകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top