11 December Tuesday

ജോലിഭാരവും സമ്മർദവും; മരണട്രാക്കിൽ ലോക്കോ പൈലറ്റുമാർ

അഞ‌്ജുനാഥ‌്Updated: Thursday Jul 19, 2018

കൊച്ചി > കനത്ത ജോലിഭാരവും തുടർന്നുള്ള മാനസിക സമ്മർദവും ലോക്കോ പൈലറ്റുമാരെ വീർപ്പുമുട്ടിക്കുന്നു. ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിൽ പ്രശ‌്നം രൂക്ഷമാകുകയാണ‌്. കൊച്ചിയിൽ ലോക്കോ പൈലറ്റ‌് കെ എൻ രാജുവിന്റെ മരണം ഇതുസംബന്ധിച്ച ചർച്ചകൾ റെയിൽ ജീവനക്കാർക്കിടയിൽ വീണ്ടും സജീവമാക്കി. ബുധനാഴ‌്ച പുലർച്ചെ എറണാകുളം സൗത്ത‌് റെയിൽവേ സ‌്റ്റേഷനിലെ വിശ്രമമുറിയിൽ  രാജുവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ആഴ‌്ചയിലെ ഒരു അവധിദിവസം ലോക്കോ പൈലറ്റുമാർക്ക‌് ഇല്ലാതായിട്ട‌് മൂന്നുപതിറ്റാണ്ടിലേറെയായി. 22 മണിക്കൂർ തുടർച്ചയായി വിശ്രമസമയം ലഭിക്കുന്നുണ്ടെങ്കിൽ പ്രതിവാര അവധി നൽകേണ്ട എന്നാണ‌് റെയിൽവേ നിയമം. ഇതുമൂലം തുടർച്ചയായി ആറും ഏഴും ദിവസങ്ങളിൽ രാത്രിഡ്യൂട്ടി ചെയ്യേണ്ടിവരുന്നു. കൂടാതെ ട്രെയിൻ വൈകുമ്പോഴുണ്ടാകുന്ന ജോലി ക്രമീകരണവും ഡ്യൂട്ടിസമയം വർധിപ്പിക്കുന്നു. തിരക്കുപിടിച്ച ജോലിക്കിടെ ഭക്ഷണം കഴിക്കാൻപോലും സമയം കിട്ടാറില്ല. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക‌് കൃത്യ മായി മരുന്നു കഴിക്കാനുമാകുന്നില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഇവർക്കാകുന്നില്ല. ഇതുമൂലം പലരും കടുത്ത മാനസികസമ്മർദത്തിലാണ‌്.

അവധി അപേക്ഷ നൽകിയാലും ഡ്യൂട്ടി ദിവസം ഓഫീസിൽ എത്തിയാലേ അനുവദിച്ചിട്ടുണ്ടോ എന്ന‌് അറിയാനാകൂ. അവധി അനുവദിച്ചാലും അന്നു രാത്രി 12 കഴിഞ്ഞാൽ ഡ്യൂട്ടിക്കു ഹാജരാകണമെന്നാണ‌് നിയമം. ഇത‌് അടുത്തദിവസം രാവിലെ എട്ടിന‌് ആക്കണമെന്ന ജീവനക്കാരുടെ ആവശ്യം റെയിൽവേ പരിഗണിച്ചിട്ടില്ല.

ഒഴിവ‌ുകൾ യഥാസമയം നികത്താത്തതാണ‌് ജോലിഭാരം കൂടാൻ കാരണം. ഇന്ത്യൻ റെയിൽവേയുടെ എല്ലാ ഡിവിഷനുകളിലുമായി 80000 ലേറെ  ലോക്കോ പൈലറ്റ‌് തസ‌്തികയാണുള്ളത‌്. ഇതിൽ 18,500 എണ്ണം ഒഴിവാണ‌്. ജീവനക്കാർക്ക‌് പ്രതിവാര അവധി അനുവദിച്ചാൽ ആകെയുള്ളതിന്റെ 10 ശതമാനത്തോളം അധികം നിയമനം നടത്തേണ്ടിവരും.

സ്വകാര്യവൽകരണ ഭാഗമായി ജീവനക്കാരെ കുറയ‌്ക്കുന്ന റെയിൽവേ ഇതിനു തയ്യാറല്ല. നിലവിലുള്ള ജീവനക്കാരുടെ മൂന്നുമുതൽ നാലു ശതമാനംവരെയാണ‌്  ഓരോ വർഷവും വിരമിക്കുന്നത‌്. 1985ൽ റെയിൽവേ റിക്രൂട്ട‌്മെന്റ‌് ബോർഡ‌് നടത്തിയ നിയമനങ്ങളിൽ നല്ലൊരു ശതമാനവും ഉടൻ വിരമിക്കാനിരിക്കുകയാണ‌്. ഇതുകൂടിയാകുമ്പോൾ പ്രശ‌്നം കൂടുതൽ ഗുരുതരമാകും. ജോലിഭാരം താങ്ങാനാകാതെ സ്വയം വിരമിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ‌്.

പ്രധാന വാർത്തകൾ
Top