19 November Monday

അഭിമന്യു ചുവന്ന ഹൃദയമായി ക്യാൻവാസിൽ

സ്വന്തം ലേഖികUpdated: Thursday Jul 19, 2018

കൊച്ചി > വർഗീയതുടെ ‘കില്ലിങ‌് ഫീൽഡ‌ി’ൽ മുറിഞ്ഞുവീണ ചുവന്ന ഹൃദയമായി അഭിമന്യുവെന്ന യുവാവ‌് ക്യാൻവാസിൽ നിറഞ്ഞു.  വെളുത്ത ആകാശത്ത‌് രക്തനക്ഷത്രമായി മാറിയ, മാനവികതയ‌ുടെ മഹാസന്ദേശമായ അഭിമന്യുവിന‌് അവർ ചായംകൊണ്ട‌് അഭിവാദ്യങ്ങളേകി. കറുപ്പിലും ചുവപ്പിലും പ്രതിഷേധത്തിന്റെ, പ്രതിരോധത്തിന്റെ സന്ദേശം ഉറക്കെയുറക്കെപ്പറഞ്ഞ‌്, പ്രിയകൂട്ടുകാരന‌് ആദരാഞ‌്ജലികളേകി.

വർഗീയത തുലയട്ടെയെന്നും  സമത്വവും സാഹോദര്യവും പുലരട്ടെയെന്നും ആവർത്തിച്ചപ്പോൾ അവർ ഹൃദയംകൊണ്ട‌് അഭിമന്യുവിന്റെ ആദർശങ്ങൾക്ക‌് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ‘നാൻ പെറ്റ മകനേ’ എന്ന പേരിൽ പുരോഗമന സാംസ‌്കാരിക ലോകം തീർത്ത പ്രതിഷേധത്തിൽ കക്ഷി രാഷ‌്ട്രീയ ഭേദമില്ലാതെ ഒത്തുചേർന്ന ചിത്രകലാ പ്രതിഭകളിൽ സ‌്ത്രീക‌ളും വിദ്യാർഥികളും അധ്യാപകരുമെല്ലാമുണ്ടായിരുന്നു.

കേരളത്തിന്റെ ഹൃദയത്തിൽ കത്തിമുനയാഴ‌്ത്തിയ കൈകളായും പുസ‌്തകത്താളുകളിൽ ആഴത്തിൽ പതഞ്ഞൊഴുകിയ ചോരയായും അഭിമന്യുവിന്റെ മരണത്തെ അവർ കണ്ടു. പ്രതിഷേധചിത്രം വരച്ചവർക്കെല്ലാം ഉറക്കെപ്പറയാനുണ്ടായിരുന്നത‌് ഒന്നുമാത്രം. എന്താണോ അഭിമന്യുവിന്റെ ഘാതകരെ പ്രകോപിച്ചത‌്, ആ ചുവരെഴുത്ത‌്. ‘വർഗീയത തുലയട്ടെ’ എന്ന‌് വീണ്ടും വീണ്ടുമെഴുതി അവർ പ്രതിഷേധക്കോട്ട തീർത്തു. 

 എൻ എ മണി, വിജയരാജമല്ലിക, സിന്ധു ദിവാകരൻ, മനോജ് രാജഗിരി, തോമസ് കുരിശിങ്കൽ, ശ്രീയ, രഞ്ജിത്, ആർ വേണു, സണ്ണി ജോസഫ്, ചന്ദ്രബാബു, കമലാസനൻ, കബനി, ഹുസൈൻ കോറോത്ത്, ഹസ്സൻ കോറോത്ത്, ബബിത രാജീവ്, ശില്പി പ്രമോദ് ഗോപാലകൃഷ്ണൻ, സജിത് പനക്കൽ, സോമ കുമാരൻ, വിൽസൺ പൂക്കോയി, മധു സ്വാമി, ശിവദാസൻ കെ സി, നന്ദൻ, ബിബി വേണു, ആഷാ നന്ദൻ, ഉണ്ണി എം മാണി, പി എ മണി, ശ്രുതി എഴുപുന്ന, ജയകുമാർ എരൂർ, വിക്ടോറിയ, പ്രതാപൻ,  ഉമ, ഗോപി ചിത്രാലയ, ദേവദാസ്, ബിന്ദി രാജഗോപാൽ, ലീനസ് തോപ്പുംപടി, കുഷ് ബിൻ ഷാദ്, സനാട്ട, ഗോപിക, മനോജ് ബ്രഹ്മമംഗലം, ലിപു, ആതിര,  എം വി വിജയകുമാരി, ഐസക് നെല്ലാട്, ലീലാ പരമേശ്വരൻ, മനോജ് കവളങ്ങാട്, ഷിനിൽകുമാർ, ജയേന്ദ്രൻ, ബാബു സി, സുനിൽ വല്ലാർപാടം എന്നിവരാണ‌് ചിത്രരചനയിൽ പങ്കെടുത്തത‌്.

പ്രധാന വാർത്തകൾ
Top