18 December Tuesday

അഭിമന്യുവധം: അവരൊരുക്കി, വാക്കിലും വരയിലും പ്രതിഷേധാഗ്നി

സ്വന്തം ലേഖികUpdated: Thursday Jul 19, 2018


കൊച്ചി > വർഗീയതയ‌്ക്കുമേൽ മാനവിക സ‌്നേഹത്തിന്റെ ഉൾക്കാഴ‌്ചയുണർത്തി സാംസ‌്കാരിക ലോകത്തിന്റെ പ്രതിഷേധം. വാക്കുകളിലൂടെയും വരകളിലൂടെയും പ്രതിഷേധത്തിന്റെ സന്ദേശവുമായി അവർ ഒത്തുചേർന്നപ്പോൾ അത് മഹാരാജാസിന്റെ പ്രിയപുത്രൻ അഭിമന്യുവിനുള്ള ആദരാഞ‌്ജലി കൂടിയായി. വെളുത്ത ക്യാൻവാസിൽ കറുപ്പിലും ചുവപ്പിലും വരച്ചിട്ട ചിത്രങ്ങൾ രോഷത്തിന്റെയും ദുഃഖത്തിന്റെയും നഷ്ടബോധത്തിന്റെയും പ്രതിരോധത്തിന്റെയും നേർചിത്രങ്ങളായി. മാനവികതയുടെ മഹാസന്ദേശം കവിതകളായി ഒഴുകി. സഹിഷ‌്ണുതയോടെ എങ്ങനെ രൂക്ഷമായി പ്രതികരിക്കാമെന്ന‌് 50ഓളം ചിത്രകലാപ്രതിഭകളും നിരവധി കവികളും പങ്കെടുത്ത കൂട്ടായ‌്മ  വ്യക്തമാക്കി. പുരോഗമന കലാ സാഹിത്യ സംഘം, വനിതാ സാഹിതി ജില്ലാ കമ്മിറ്റികളുടെയും മഹാരാജാസ‌് കോളേജിലെ ‘സംഘം’, ‘മാതൃകം’ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ‌് സാംസ‌്കാരിക കൂട്ടായ‌്മ സംഘടിപ്പിച്ചത‌്.

‘നാൻ പെറ്റ മകനേ’ എന്ന പേരിൽ എറണാകുളം മഹാരാജാസ‌് കോളേജ‌് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സമ്മേളനം തിരക്കഥാകൃത്ത‌് ജോൺപോൾ ഉദ‌്ഘാടനംചെയ‌്തു. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ‌് കെ കെ സുലേഖ അധ്യക്ഷയായി. ഡോ. കെ ജി പൗലോസ‌്, ഡോ. മ്യൂസ് മേരി, സേവ്യർ പുൽപ്പാട്ട്, ഡോ. അജി സി പണിക്കർ, എൻ മാധവൻകുട്ടി, ഡോ. എം എസ് മുരളി, കെ രവിക്കുട്ടൻ, കെ പി അജിത് കുമാർ, ജോഷി ഡോൺ ബോസ്കോ എന്നിവർ സംസാരിച്ചു. ടി എ സത്യപാൽ പ്രതിഷേധ ചിത്രരചന ഉദ‌്ഘാടനംചെയ‌്തു. പ്രതിഷേധ കവിതാ സമ്മേളനം കവി എസ‌് രമേശൻ ഉദ‌്ഘാടനംചെയ‌്തു.

പ്രധാന വാർത്തകൾ
Top