16 November Friday

വ്യാജ സിംകാർഡ‌് : സൗദിയിൽ അറസ‌്റ്റിലായവരിൽനിന്ന‌് തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018


കണ്ണൂർ
സിംകാർഡുകൾ വ്യാജമായി വാങ്ങിയ കേസിൽ സൗദി അറേബ്യയിലെ റിയാദിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശികളെ യമൻ അതിർത്തിയിലെത്തിച്ചു തെളിവെടുത്തു. കണ്ണൂർ നാറാത്ത് സ്വദേശികളും സൗദിയിൽ ബിസിനസുകാരുമായ കെ വി മുഹമ്മദ്, ഹബീബ്, ഹിദായത്ത്, ഷിംവാസ് എന്നിവരെയും രണ്ട് സ്ത്രീകളെയുമാണ് സൗദി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. സൗദിയിൽ ടെലികോം ബിസിനസുള്ള എല്ലാവരും അടുത്ത ബന്ധുക്കളാണ്.   

വിവിധ രാജ്യക്കാരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സിംകാർഡ് സംഘടിപ്പിച്ചതിനാണ് കേസ്. സൗദിയിൽ സിംകാർഡ് വാങ്ങാൻ കർശന നിയമങ്ങളുണ്ട്. ആറുമാസം മുമ്പ് ഇതേ കേസിൽ ഇവർക്കെതിരെ സൗദി പൊലീസ് നടപടി എടുത്തിരുന്നു. എന്നാൽ, കുറ്റം ആവർത്തിച്ചതാണ് കർശന നടപടിക്ക് കാരണം. സിംകാർഡുകൾ ആർക്കാണ് നൽകുന്നതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. കസ്റ്റഡിയിലുള്ളവർ കഴിഞ്ഞ 25 വർഷമായി സൗദിയിൽ  ബിസിനസ് നടത്തുന്നവരാണ്. 

സൗദിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ നാഷണൽ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. ഇതുചെയ്യാത്ത വ്യാജ സിംകാർഡുകൾ ഇവരിൽനിന്ന് കണ്ടെത്തിയെന്നാണ‌് ആരോപണം. ബിസിനസ് തർക്കത്തിന്റെ പേരിൽ കേസിൽ കുടുക്കിയതാണോയെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു. അറസ്റ്റിനെക്കുറിച്ച്  കേരളത്തിലെ അന്വേഷണ ഏജൻസികൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമ ഗോൾഡിനെപ്പറ്റിയും ചുമതലക്കാരെക്കുറിച്ചും ചില പത്രങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും നടക്കുന്ന പ്രചാരണങ്ങൾ അവാസ്തവമാണെന്ന് ഫാത്തിമ ഗോൾഡ് മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് റാഫി എളമ്പാറ അറിയിച്ചു.

പ്രധാന വാർത്തകൾ
Top