Top
22
Thursday, June 2017
About UsE-Paper

ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍നടപടി വേണം: സിപിഐ എം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പി രാജീവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു


കൊച്ചി > പുതുവൈപ്പിന്‍ ഐഒസി പ്ളാന്റുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി വിളിച്ച യോഗം സഹായകരമാകുമെന്നു പ്രതീക്ഷിക്കുന്നതായി ജില്ലാകമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
വിഷയം അടിയന്തരമായി ചര്‍ച്ചചെയ്യണമെന്ന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പാര്‍ടി ജില്ലാ സെക്രട്ടറിയും സ്ഥലം എംഎല്‍എയും ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അതു സമ്മതിക്കുകയും തീയതി പിന്നീട് ഓഫീസുമായി ബന്ധപ്പെട്ട് അറിയിക്കാമെന്ന് പറയുകയുംചെയ്തു. അതുവരെ നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ഐഒസിയോട് ആവശ്യപ്പെടുകയുംചെയ്തു. ഈ സാഹചര്യത്തില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. കോടതിവിധിയനുസരിച്ച് സംരക്ഷണം നല്‍കാന്‍ പൊലീസിന് ഉത്തരവാദിത്വമുണ്ടെങ്കിലും സര്‍ക്കാര്‍സമീപനത്തിന് അനുസരിച്ച് പക്വതയോടെ പൊലീസ് പെരുമാറിയോയെന്ന് പരിശോധിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബോധപൂര്‍വം കുഴപ്പുമുണ്ടാക്കാനുള്ള ശ്രമം ഉണ്ടോയെന്നും അന്വേഷിക്കേണ്ടതാണ്.

ജനങ്ങളുടെ ആശങ്ക അകറ്റിവേണം പദ്ധതി നടപ്പാക്കേണ്ടതെന്ന നിലപാട് സിപിഐ എം നേരത്തെ പ്രകടിപ്പിച്ചിരുന്നു. സ്ഥലം എംഎല്‍എ എസ് ശര്‍മ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. ഇതിനെയെല്ലാം തുടര്‍ന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതനുസരിച്ച് വ്യവസായമന്ത്രി ചര്‍ച്ച നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രിതന്നെ നേരിട്ട് ബന്ധപ്പെട്ടവരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. പിന്നീട് പ്രാദേശികമായും ജില്ലാതലത്തിലും രാഷ്ട്രീയപാര്‍ടി പ്രതിനിധികളുടെ യോഗം കലക്ടര്‍ വിളിച്ചുചേര്‍ക്കുകയുംചെയ്തു.

വിദഗ്ധരുടെ അഭിപ്രായങ്ങളും അതിന്റെകൂടി അടിസ്ഥാനത്തില്‍ നീതിന്യായ സംവിധാനങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളും എല്ലാവര്‍ക്കും ബാധകമായിരിക്കണം. ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധി നടപ്പാക്കാന്‍ സര്‍ക്കാരിനും സത്യവാങ്മൂലത്തിലെ ഉറപ്പുകള്‍ പാലിക്കാന്‍ കക്ഷികള്‍ക്കും ബാധ്യതയുണ്ട്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ നടത്തുന്ന മുന്‍കൈയോട് എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഐഒസി: സംഘര്‍ഷമുണ്ടായത്  നിര്‍മാണം തുടരാന്‍ ശ്രമിച്ചതിനാല്‍

കൊച്ചി > പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന പാചക വാതക സംഭരണ പ്ളാന്റ് നിര്‍മാണത്തിനെതിരെ നടത്തിയ സമരത്തില്‍ വീണ്ടും സംഘര്‍ഷവും ലാത്തിച്ചാര്‍ജുമുണ്ടായത് നിര്‍മ്മാണം തുടരാനുള്ള ഐഒസിയുടെ ശ്രമത്തെ തുടര്‍ന്ന്. നിര്‍മാണസ്ഥലത്ത് തൊഴിലാളികള്‍ എത്തിയതോടെ ഞായറാഴ്ച പകല്‍ 11നാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ എത്തിയത്.

സമരം ചെയ്യുന്നവരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അതുവരെ നിര്‍മാണം നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയും ഐഒസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് കണക്കാക്കാതെ ടെര്‍മിനല്‍ നിര്‍മാണത്തിന് ഞായറാഴ്ച തൊഴിലാളികളെത്തുകയായിരുന്നു.

ലാത്തിച്ചാര്‍ജിനുശേഷവും സമരക്കാര്‍ പിരിഞ്ഞുപോകാത്തതിനെത്തുടര്‍ന്ന് പൊലീസ് നൂറിലധികംപേരെ അറസ്റ്റ്ചെയ്തു നീക്കി. 74പേരെ കളമശേരി എആര്‍ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ മുനമ്പം പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, എസ് ശര്‍മ എംഎല്‍എ, ജില്ലാസെക്രട്ടറിയറ്റംഗം സി കെ മണിശങ്കര്‍, ജില്ലാകമ്മിറ്റിയംഗം എം അനില്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പി രാജീവിന്റെ നിര്‍ദേശാനുസരണമാണ് ഇതില്‍ ഏഴുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്കും പ്ളാന്റിന്മുന്നിലേക്കും മാര്‍ച്ച് നടത്തി. എഐവൈഎഫ് പ്ളാന്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് വീണ്ടും സംഘര്‍ഷത്തിനു വഴിവച്ചു.