Top
22
Thursday, June 2017
About UsE-Paper
ഇന്ന് ലോക വായനാദിനം

വാര്‍ത്തകള്‍ വായിക്കുന്നത് പവിത്രന്‍

Monday Jun 19, 2017
ശ്രീജിത്ത് ആര്‍ പുളിയ്ക്കല്‍


വരാപ്പുഴ > പവിത്രന്‍ പത്രം വായിക്കുകയാണ്. കൂനമ്മാവിലെ ചായപ്പീടികയില്‍ ആവി പറക്കുന്ന ചായ ഗ്ളാസുകള്‍ക്കിടയില്‍ ആകാംഷനിറഞ്ഞ അനേകം കണ്ണുകള്‍. ആരും ഒന്നും ഉരിയാടുന്നില്ല. റേഡിയോയില്‍ നിന്നെന്നപോലെ ആ ശബ്ദം മാത്രം മുഴങ്ങുന്നു. കോട്ടുവള്ളി കൈതാരം പടേശന്‍ പറമ്പില്‍ പി കെ പവിത്രന്‍ എന്ന മനുഷ്യനെ ആ വിലാസത്തില്‍ ആരുമറിയില്ല. പറവൂര്‍ക്കാര്‍ക്ക് അയാള്‍ പത്രം വായിക്കും പവിത്രനാണ്. പത്രവായനകൊണ്ടു മാത്രം പ്രശസ്തനായയാള്‍.

പറവൂരിലെ കവലകളിലും ചായക്കടകളിലും നാലു പതിറ്റാണ്ടിലേറെയായി ഈ ശബ്ദം മുഴങ്ങുന്നു. വീട്ടിലായാലും അയല്‍വാസികള്‍ക്കുകൂടി കേള്‍ക്കാവുന്നത്ര ഉച്ചത്തിലായിരിക്കും വായന. മുഖപ്രസംഗത്തില്‍ നിന്നുതുടങ്ങും. ചരമക്കോളം ഉള്‍പ്പെടെ മുഴുവന്‍ വായിക്കും. ഒരു പത്രം വായിച്ചു തീരാന്‍ രണ്ടു മണിക്കൂറെങ്കിലും വേണം. ഒന്നു തീര്‍ന്നാല്‍ അടുത്ത പത്രത്തിനായി യാത്രയാണ്.

കൈതാരം, കോട്ടുവള്ളി, പറവൂര്‍, കൂനമ്മാവ് കവലകളില്‍ പത്രമുള്ളിടമൊക്കെ അറിയാം. ദിവസവും ആറേഴു പത്രമെങ്കിലും വായിച്ചുതീര്‍ത്തില്ലെങ്കില്‍ വല്ലാത്ത മനോവിഷമമാണെന്നു പവിത്രന്‍ പറയുന്നു. ഭാര്യ ഇന്ദിരയ്ക്കും മക്കളായ ബിപിന്‍ദാസിനും പ്രഫുല്‍രാജിനും അച്ഛന്റെ ശീലത്തെക്കുറിച്ചു നല്ലതേപറയാനുള്ളൂ. കയര്‍പിരി തൊഴിലാളിയുടെ മകനായ പവിത്രന്‍ പത്തുതോറ്റതോടെ വീടിനടുത്തുള്ള ചായക്കടയില്‍ സഹായിയായി. കടയിലെ പതിവുകാരില്‍ ചിലരുടെ ആവശ്യപ്രകാരമാണ് പത്രവായന തുടങ്ങിയത്. നാട്ടില്‍ എഴുത്തും വായനയും അറിയാത്തവരും കാഴ്ചയില്ലാത്തവരും പവിത്രന്റെ ശബ്ദത്തിലൂടെ വാര്‍ത്തകളറിഞ്ഞു. പവിത്രനും അതു ലഹരിയായി. വെറും വിനോദമല്ല, വീഴ്ചകൂടാതെ ചെയ്തുതീര്‍ക്കേണ്ട നിയോഗമായി.

കൂനമ്മാവിലെ ക്ളിനിക്കില്‍ അറ്റന്‍ഡര്‍ ജോലിയാണ്  വരുമാനമാര്‍ഗം. രാവിലെയും വൈകീട്ടും മറ്റ് ഒഴിവു ദിനങ്ങളിലും പത്രവും ആനുകാലികങ്ങളും പുസ്തകങ്ങളുമൊക്കെയാണ് കൂട്ട്.  അറുപത്തിയാറാം വയസ്സിലും സ്ഫുടമാണ് സ്വരം. അക്ഷരങ്ങളെ സ്നേഹിക്കുന്ന കൂട്ടായ്മകള്‍ക്ക് ഇദ്ദേഹം ഒരു അവിഭാജ്യഘടകമാണ്.