19 June Tuesday

നേതൃത്വത്തിന്റെ ഏകാധിപത്യം; എറണാകുളത്ത് മുന്‍ ജില്ലാ എക്‌‌‌‌‌സിക്യൂട്ടീവ് അംഗത്തിന്റെ നേതൃത്വത്തില്‍ 300 പേര്‍ സിപിഐ വിടുന്നു

സ്വന്തം ലേഖകന്‍Updated: Monday Feb 19, 2018

കൊച്ചി > മുന്‍ ജില്ലാ എക്‌‌‌‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഇ എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കം മുന്നൂറോളം പേര്‍ സിപിഐയില്‍നിന്ന് രാജിവച്ചു. 76 പാര്‍ടി അംഗങ്ങളും 200ലേറെ അനുഭാവികളുമാണ് പാര്‍ട്ടി വിട്ടത്. സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാല്‍വര്‍ സംഘത്തിന്റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഏകാധിപത്യത്തിലും മനംമടുത്താണ് രാജിയെന്ന് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നഗരത്തില്‍ ഇവര്‍ ഗറില്ലാ പിരിവാണ് നടത്തുന്നത്. ഈ നേതൃത്വത്തിന്റെ ഏകാധിപത്യനയത്തില്‍ പ്രതിഷേധിച്ചാണ് ജില്ലാ സമ്മേളനത്തില്‍ താനുള്‍പ്പെടയുള്ള ആറുപേര്‍ മത്സരിച്ചതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ നേരിയ വോട്ടുകള്‍ക്കാണ് തോറ്റത്. എന്നാല്‍ ഈ നാല്‍വര്‍ സംഘത്തിന് അവരുടെ സ്ഥാനം എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ അതിലൂടെ കഴിഞ്ഞു. അതില്‍ നിന്നെങ്കിലും പാഠം പഠിക്കുമെന്നു കരുതി. എന്നാല്‍ സമ്മേളനം കഴിഞ്ഞും പാര്‍ടി സഖാക്കളെ വേട്ടയാടുകയെന്ന നയമാണ് സിപിഐ നേതൃത്വം സ്വീകരിച്ചത്. സിപിഐയില്‍ വിഭാഗീയത ഇല്ല. ജില്ലാകമ്മിറ്റിയിലേക്ക് നടന്ന മത്സരം ജനാധിപത്യപരമായിരുന്നുവെന്നൊക്കെയുള്ള ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതാണ്. സെക്രട്ടറി വ്യക്തിതാല്‍പര്യമാണ് സംരക്ഷിക്കുന്നത്.

വര്‍ഷങ്ങളായി പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് സൂചികുത്താനുള്ള ഇടം പോലും സിപിഐ നേതൃത്വം നല്‍കുന്നില്ല. എല്ലായിടത്തും സ്വന്തക്കാരെയും പാര്‍ശ്വവര്‍ത്തികളേയും മറ്റുള്ള പാര്‍ടികളില്‍നിന്ന് വന്നവരെയും കുടിയിരുത്തുകയാണ്. പാര്‍ടിയിലെ ഗറില്ലാ പിരിവുകാര്‍ക്കെതിരായ പ്രതിഷേധമാണ് താനടക്കമുള്ളവരുടെ സ്ഥാനത്യാഗം. നേരിന്റെ രാഷ്ട്രീയമെന്ന കമ്യൂണിസ്റ്റ് വഴി പിന്തുടരാന്‍ എറണാകുളത്തെ പാര്‍ടി തയ്യാറാകുന്നില്ല. ഇതുസംബന്ധിച്ച് വര്‍ഷം മുമ്പേ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. അവര്‍ കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ഇത്തരത്തില്‍ ആണ് പാര്‍ടി പോകുന്നതെങ്കില്‍ സിപിഐ ജില്ലയില്‍ നാമാവശേഷമാകും.പറവൂരിലും വൈപ്പിനിലും അടക്കം പലയിടത്തും ഔദ്യോഗിക സ്ഥാനാര്‍ഥി പാര്‍ടി സമ്മേളനത്തില്‍ തോറ്റത് എന്തുകൊണ്ടാണെന്ന് നേതൃത്വം മനസ്സിലാക്കണം. കമ്യൂണിസ്റ്റ്‌വല്‍ക്കരണത്തിനു പകരം പാര്‍ടിയെ വാണിജ്യവല്‍ക്കരിക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.

ഷണ്‍മുഖപുരം ലോക്കല്‍ സെക്രട്ടറി ടി സി ജോഷി, മണ്ഡലം കമ്മിറ്റി അംഗം പ്രസന്നകുമാര്‍, മഹിളാ സംഘം ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ്  ലൈല മധുസൂദനന്‍, വടുതല ലോക്കല്‍ കമ്മിറ്റി അംഗം മേഴ്സണ്‍ തോറിസ്, ബ്രാഞ്ച് സെക്രട്ടറിമാരായ പി എ ഗ്ലാഡ് വിന്‍,  കെ ജി ചതുര്‍മുഖന്‍ എന്‍ ഹരി ഉള്‍പ്പടെ വിവിധ പാര്‍ടി അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top