24 September Monday

കഴുക്കോലിൽ ‘ജീവനും പിടിച്ച‌് ’ ഒന്നരദിവസം

സ്വന്തം ലേഖകൻUpdated: Saturday Aug 18, 2018

വർക്കല ശിവഗിരി കൺവൻഷൻ സെന്ററിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള ജിബിൻ, ഉമശങ്കർ എന്നിവർ

തിരുവനന്തപുരം > വീട‌് മുങ്ങിയെന്നും അച്ഛനും അമ്മയും ഭാര്യയും ആറുമാസമായ കുഞ്ഞും ടെറസിൽ കഴിയുകയാണെന്നുമറിഞ്ഞാണ‌്  ജിബിൻ കടയടച്ച‌് മാവേലിക്കരയിൽനിന്ന‌് ബോട്ട‌് വാടകയ‌്ക്കെടുത്ത‌് സുഹൃത്തുക്കളുമായി പുറപ്പെട്ടത‌്. കോഴഞ്ചേരി ചക്കിട്ടപ്പടി ജങ്ഷനിലെ മൂന്നാമത്തെ വീട‌് ലക്ഷ്യമാക്കിയുള്ള യാത്ര പുത്തൻകാവിലെത്തി. ബോട്ട‌് മുന്നോട്ട‌് പോയിക്കൊണ്ടിരിക്കെ പൊടുന്നനെ പുഴയിൽ മലവെള്ളം ഉയർന്നു.

ഇതോടെ തലകീഴായി മറിഞ്ഞ ബോട്ട‌് ഏതോ കെട്ടിടത്തിന്റെ മേൽക്കൂരയിൽ തട്ടിനിന്നു. എല്ലാവർക്കും കഴുക്കോലിൽ പിടിത്തംകിട്ടി. മണിക്കൂറുകളോളം തൂങ്ങിനിന്നു. അവശരാകുന്നുവെന്നു തോന്നിയപ്പോൾ ജിബിനും സംഘവും കെട്ടിടത്തിന്റെ ഓടിളക്കി. കഴുക്കോലിൽ പിടിച്ച‌് മുകളിൽ കയറി. പുത്തൻകാവിലെ സ‌്കൂൾകെട്ടിടത്തിന്റെ മുകളിലാണ‌് തങ്ങളെന്ന‌് ജിബിനും കൂട്ടുകാർക്കും മനസ്സിലായത‌് ഏറെ കഴിഞ്ഞാണ‌്. ഒന്നരദിവസം സ‌്കൂൾ കെട്ടിടത്തിന്റെ കഴുക്കോലിൽ ജീവനും പിടിച്ച‌് ആ ആറുപേർ കഴിഞ്ഞു. വ്യാഴാഴ‌്ച വൈകിട്ട‌് ഹെലികോപ‌്റ്ററെത്തി. ആറുപേരെയും രക്ഷിച്ച‌്  ശിവഗിരി ഹെലിപ്പാടിൽ എത്തിച്ചു. മഠം കൺവൻഷൻ സെന്ററിലെ സർക്കാർ ക്യാമ്പിൽ കഴിയുന്ന ജിബിന‌് മഹാദുരന്തത്തിൽനിന്ന‌് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ഒന്നുറങ്ങാൻപോലുമാകുന്നില്ല.

കോഴഞ്ചേരി ചക്കിട്ടപ്പടി ജങ‌്ഷനിലെ കിഴക്കേടത്ത‌് വീടിന്റെ ടെറസിൽ അച്ഛനും അമ്മയും ഭാര്യയും കുഞ്ഞുമുണ്ട‌്. മൂന്ന‌ു ദിവസമായി അവർ ടെറസിൽതന്നെയാണ‌്. മൊബൈൽ ഫോൺ ചാർജ‌് തീർന്നതിനാൽ വിളിച്ചാൽ കിട്ടുന്നില്ല. അവർ രക്ഷപ്പെട്ടു എന്നറിഞ്ഞാൽമത്രമേ ശിവഗിരി മഠം കൺവൻഷൻ സെന്ററിലെ  സർക്കാർ ദുരിതാശ്വാസക്യാമ്പിൽനിന്ന‌് ജിബിന‌് മടങ്ങാനാകൂ. കൂട്ടുകാരിൽ നാലുപേർ മടങ്ങി. ഒരാൾ ജിബിനൊപ്പം ക്യാമ്പിൽതന്നെയുണ്ട‌്. അധികൃതർ ജിബിന്റെ കുടുംബത്തിന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ സേനയ‌്ക്ക‌് കൈമാറിയിട്ടുണ്ട‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top