19 November Monday

രക്ഷാദൗത്യം മികച്ച രീതിയിൽ: ബിഎസ‌്എഫ‌് ഡിഐജി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ബി സി നായർ

‘‘എണ്ണയിട്ട‌ യന്ത്രംപോലെയാണ‌് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ’’‐ പറയുന്നത‌് നിരവധി ദുരന്തമുഖങ്ങൾ കണ്ട ബിഎസ‌്എഫ‌് ഡിഐജി ബി സി നായർ. മറ്റുസംസ്ഥാനങ്ങളിൽ കണ്ടതിനേക്കാൾ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായാണ‌് ദുരിതാശ്വാസ, രക്ഷാദൗത്യമെന്നും മികച്ച രീതിയിലാണ‌് കേരള സർക്കാർ ദൗത്യസംഘത്തെ ഏകോപിപ്പിക്കുന്നതെന്നും ബി  സി നായർ പറയുമ്പോൾ ഒപ്പമുള്ള സേനാംഗങ്ങളും വാക്കുകൾ ശരിവയ‌്ക്കുന്നു.

തിരുവനന്തപുരം എസ‌്എംവി സ‌്കൂളിൽ ദുരിതാശ്വാസ പ്രവർത്തനത്തിന‌് എത്തിയ എഴുപതംഗ അതിർത്തിരക്ഷാ സേനാംഗങ്ങളെ കാത്തിരുന്നത‌് ഇതര സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ‌്തമായ കാഴ‌്ചകൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥനയെതുടർന്ന‌്  കുടിവെള്ളം, ഭക്ഷണം, വസ‌്ത്രങ്ങൾ എന്നിവയുമായി സ‌്കൂളിലേക്ക‌് നാട്ടുകാർ പ്രവഹിക്കുകയാണ‌്. വളന്റിയർമാരുടെ നിർദേശമനുസരിച്ച‌് ഭക്ഷണവസ‌്തുക്കൾ ഏൽപ്പിക്കാനും പാക്ക‌് ചെയ‌്ത‌് വാഹനത്തിൽ കയറ്റാനും ചുറുചുറുക്കോടെ നാട്ടുകാർ രംഗത്തിറങ്ങി. സേനാംഗങ്ങളും അവർക്കൊപ്പം ചേർന്നു.

ട്രക്കും ഒന്നരലക്ഷം രൂപയുടെ ദുരിതാശ്വാസ സാധനങ്ങളുമായി സേവന സജ്ജരായാണ‌് ബിഎസ‌്എഫ‌് സംഘം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എത്തിയത‌്. മലയാളികൾക്ക‌ു പുറമെ രാജസ്ഥാൻ, ഹരിയാന ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടതായിരുന്നു സംഘം. നാട്ടുകാർ ശേഖരിച്ച ഭക്ഷണപദാർഥങ്ങൾ, കുടിവെള്ളം, വസ‌്ത്രങ്ങൾ എന്നിവ ബിഎസ‌്എഫ‌് ട്രക്കിൽ ദുരന്തം രൂക്ഷമായ പത്തനംതിട്ടയിലേക്ക‌് സേനാംഗങ്ങൾ കൊണ്ടുപോയി. അവധി ഉൾപ്പെടെ റദ്ദാക്കിയിരിക്കുകയാണ‌് ബിഎസ‌്എഫിൽ.

തലസ്ഥാന ജില്ലയിൽ 70 പേരെ സേവനത്തിന‌് നിയോഗിച്ചതിന‌ു പുറമെ പത്തനംതിട്ടയിൽ നൂറുപേരെയും തൃശൂരിൽ 150 പേരെയും ബിഎസ‌്എഫ‌് നിയോഗിച്ചിട്ടുണ്ട‌്. പ്രളയംപോലുള്ള ദുരന്തം നേരിടാൻ സംസ്ഥാനത്തെ ബിഎസ‌്എഫ‌് നേതൃത്വത്തിൽ ‘വാട്ടർ വിങ‌് ’ വിഭാഗം ആരംഭിക്കാൻ കേന്ദ്രസർക്കാർ  തയ്യാറാകേണ്ട സാഹചര്യമാണുള്ളതെന്നും വിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top