17 November Saturday

എറണാകുളം ജില്ലയിൽ 6 മരണം; 2 പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

മരിച്ച സി ജി അശോകൻ (55), അജിത് കുമാർ (പ്രസാദ്‐32) എന്നിവർ

കൊച്ചി > എറണാകുളത്ത‌് പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ രണ്ടു പേർ മരിച്ചു. രണ്ടുപേരെ കാണാതായി. കളമശേരി  വിടാക്കുഴ സുധാലയത്തിൽ സി ജി അശോകൻ (55), മൂവാറ്റുപുഴ പെരിങ്ങഴ ആശാരിപറമ്പിൽ പരേതനായ വാസുവിന്റെയും ഓമനയുടെയും മകൻ അജിത് കുമാർ (പ്രസാദ്‐32) എന്നിവരാണ് മരിച്ചത്.  കളമശേരി വാഴപ്പിള്ളി അബ്ദുൾ ജലീൽ (ബാബു‐55), വൈപ്പിനിൽനിന്ന‌് ആലുവയിലേക്ക‌് രക്ഷാപ്രവർത്തനത്തിന‌് പോയ വള്ളംമറിഞ്ഞ‌് പുതുവൈപ്പ‌് സ്വദേശി  മിഥുൻകുമാർ (23) എന്നിവരെയാണ‌് കാണാതായത‌്. 
മറ്റ‌ു സംഭവങ്ങളിലായി നാലു പേർകൂടി മരിച്ചു. കളമശേരിയിൽ  വെള്ളത്തിൽ വീണയാളെ  രക്ഷിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടാണ‌് അശോകൻ മരിച്ചത‌്.

ചങ്ങാടത്തിൽ അമ്പലപ്പടി ബസ്‌സ‌്റ്റോപ്പിന് സമീപമുള്ള വീട്ടിൽനിന്ന‌് കുടുംബത്തെ ഒഴിപ്പിക്കുകയായിരുന്നു. രാവിലെമുതൽ  പ്രവർത്തനങ്ങളിൽ മുഴുകി ക്ഷീണിതനായിരുന്നു അശോകൻ. പകൽ രണ്ടിന‌് ആളുകളെ മാറ്റുന്നതിനിടെ ചങ്ങാടത്തിൽ നിൽക്കുകയായിരുന്ന ഒരാൾ വെള്ളത്തിൽ വീണു.  കരയിൽ നിൽക്കുകയായിരുന്ന അശോകൻ  രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. പിന്നീട് ഉയർന്നുവരാതായതോടെ നാട്ടുകാർ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അശോകന്റെ വീട് വെള്ളം കയറിയ  നിലയിലായതിനാൽ തേവക്കലിലെ ഭാര്യാഗൃഹത്തിലായിരുന്നു അന്ത്യകർമ്മങ്ങൾ. തുടർന്ന് തൃക്കാക്കര അത്താണിക്കൽ ശ്മശാനത്തിൽ സംസ്കാരിച്ചു. ഭാര്യ: മിനി. മക്കൾ: അജിത്കുമാർ, ആതിര.

വീട്ടിലും അയൽപക്കത്തും വെള്ളം കയറിയതിനെത്തുടർന്ന്  കൂട്ടുകാർക്കൊപ്പം സാധനങ്ങൾ മാറ്റുന്നതിനിടെയാണ‌്  മൂവാറ്റുപുഴ പെരിങ്ങഴ  സ്വദേശി അജിത് കുമാർ കുഴഞ്ഞുവീണു മരിച്ചത‌്. വെള്ളിയാഴ്ച പകൽ ഒന്നേമുക്കാലോടെയാണ് സംഭവം. നാട്ടുകാർ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മൂവാറ്റുപുഴ ജെ കെ ആൻഡ‌് ജെക്സൺ ടെക‌്സ‌്റ്റൈൽസ‌് ജീവനക്കാരനായിരുന്നു. ഭാര്യ: ഈരാറ്റുപേട്ട പനയ്ക്കൽപാലം സ്വദേശി അമ്പിളി. അജിത്തിന്റെ പിതൃ സഹോദരന്റെ ഭാര്യ സരസ്വതി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് ഒന്നരമാസംമുമ്പാണ്. രണ്ടാഴ്ചയ്ക്കുശേഷമാണ് പുഴയിൽനിന്ന് കണ്ടെത്തിയത്. കുടുംബത്തിലെ രണ്ടുപേരാണ്  കാലവർഷക്കെടുതിയിൽ പൊലിഞ്ഞത്.

കളമശേരിയിൽ വട്ടേക്കുന്നം ഇന്ദിരാജി പാലത്തിനുസമീപം വെള്ളത്തിൽ മുങ്ങിയവരെ രക്ഷിക്കാനിറങ്ങിയപ്പോഴാണ‌് വാഴപ്പിള്ളി അബ്ദുൾ ജലീൽ (ബാബു‐55) ഒഴുക്കിൽപ്പെട്ടത്. ബാബുവിന്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മാറിത്താമസിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ സാധനങ്ങൾ മുകളിലേക്ക് ഉയർത്തിവയ്ക്കാൻ എത്തിയതായിരുന്നു. പതിനൊന്നോടെ കാറ്റുനിറച്ച ട്യൂബിൽ കളിക്കുകയായിരുന്ന മൂന്നുപേരിൽ ഒരാൾ വെള്ളത്തിൽ വീണു. ഇതുകണ്ട  ബാബു വെള്ളത്തിലേക്ക് ചാടി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ടു.

വൈപ്പിനിൽനിന്ന‌് കളമശേരിയിലേക്ക‌് രക്ഷാപ്രവർത്തനത്തിനുപോകവേ വഞ്ചിമുങ്ങിയാണ‌്  പുതുവൈപ്പ് മറ്റപ്പിള്ളി കുമാറിന്റെ മകൻ മിഥുൻകുമാറിനെ(അപ്പു‐23) കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന മറ്റു രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കളമശേരി പത്തടി പാലത്തിനു സമീപം രക്ഷാപ്രവർത്തനത്തിനായി പനമ്പുകാടുനിന്നു വഞ്ചി കൊണ്ടുവരികയായിരുന്നു. ഓച്ചന്തുരുത്ത് അത്തോച്ചകടവിൽ രാവിലെ 10.30 നായിരുന്നു അപകടം. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുതുവൈപ്പ് സ്വദേശികളായ കുന്നേൽ ജയരാജ്, കന്നിത്തറ ലിൻസൻ എന്നിവരാണ് രക്ഷപ്പെട്ടവർ.

മൂവാറ്റുപുഴയിൽ ദുരിതാശ്വാസക്യാമ്പിൽ കുഴഞ്ഞുവീണ് ആനിക്കാട് തൈക്കാട്ട് മേരിയും (70), സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം വെള്ളക്കെട്ടിൽ വീണ് റെയിൽവേ ആശുപത്രി അറ്റൻഡർ രമണിയുടെ മകൻ ഷെറിനും (37), വീട് വെള്ളത്തിൽ മുങ്ങുന്നതുകണ്ട് ഹൃദയാഘാതമുണ്ടായി പൂവത്തുശേരി പൂവൻജങ‌്ഷനിൽ വട്ടോളി വർഗീസിന്റെ ഭാര്യ സെലിനും നെഞ്ചുവേദനയുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മൂവാറ്റുപുഴ സ്വദേശി അജിത്തുമാണു മറ്റു സംഭവങ്ങള‌ിൽ മരിച്ചത്.

പ്രധാന വാർത്തകൾ
Top