18 November Sunday

മുല്ലപ്പെരിയാറിൽ സുപ്രീംകോടതി: ഘട്ടംഘട്ടമായി വെള്ളം തുറന്നുവിടാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ന്യൂഡൽഹി > കേരളത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടി കുറയ്ക്കാനായി ഘട്ടംഘട്ടമായി  വെള്ളം തുറന്നുവിടാമെന്ന്  കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.തുറന്നുവിടുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ജലനിരപ്പ് കുറയ്ക്കണമെന്ന ഉത്തരവ് നടപ്പാക്കുമ്പോൾ തമിഴ്നാട് ജാഗ്രത പുലർത്തണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

സുപ്രീംകോടതി വ്യാഴാഴ്ച നിർദേശിച്ച പ്രകാരം ദുരന്തനിവാരണത്തിനുള്ള ഉപസമിതിയും ദേശീയ പ്രതിസന്ധി നിവാരണ സമിതിയും വെള്ളിയാഴ്ച യോഗം ചേർന്നു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭിപ്രായം വീഡിയോ കോൺഫറൻസിലൂടെയുംമറ്റും തേടിയശേഷമാണ് വെള്ളം ഘട്ടംഘട്ടമായി തുറന്നുവിടാമെന്ന് ഉപസമിതി തീരുമാനിച്ചത്. രൂക്ഷമായ പ്രളയത്തെ തുടർന്ന് കേരളം കടുത്ത ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസൽ ജോയിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജലനിരപ്പ് 142 അടിയായാൽമാത്രമേ വെള്ളം തുറന്നുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന തമിഴ്നാടിന്റെ പിടിവാശിമൂലം ഡാമിന് താഴെയുള്ള നൂറുകണക്കിനാളുകളുടെ ജീവൻ ഭീഷണിയിലാണെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മനോജ് ജോർജ് വാദിച്ചു. 

വെള്ളം തുറന്നുവിട്ടാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർനഫാഡെ അവകാശപ്പെട്ടു. വെള്ളം ഒഴുക്കിവിടുന്നതിന് പകരം തമിഴ്നാടിന് അത് സംഭരിച്ചുകൂടേയെന്ന് ചീഫ്ജസ്റ്റിസ് അന്വേഷിച്ചു.

എന്നാൽ, സംഭരിക്കാവുന്നതിന്റെ പരമാവധി സംഭരിച്ചിട്ടുണ്ടെന്ന് ശേഖർനഫാഡെ പ്രതികരിച്ചു. ഉപസമിതിയുടെയും പ്രതിസന്ധിനിവാരണസമിതിയുടെയും യോഗം രണ്ടോ മൂന്നോ അടി വെള്ളം ഘട്ടംഘട്ടമായി തുറന്നുവിടാമെന്ന് തീരുമാനിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹ കോടതിയെ അറിയിച്ചു. തുടർന്ന്, വെള്ളം തുറന്നുവിടുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന‌് കോടതി നിർദേശിച്ചു. കേസ് പരിഗണിക്കുന്നത് 25ലേക്ക് മാറ്റി. കേരളത്തിലെ പ്രളയസാഹചര്യത്തെ കുറിച്ചും ദുരിതാശ്വാസനടപടികളെ കുറിച്ചും ചീഫ്സെക്രട്ടറിയോട് സത്യവാങ‌്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top