13 November Tuesday

അൻപോട‌് നഗരവാസികൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

കൊച്ചി > മഹാപ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നവർക്ക‌് കൈത്താങ്ങായി സഹായമൊഴുകുന്നു.  നഗരത്തിലും പരിസരത്തും ഉള്ളവർ  പ്രളയബാധിതർക്ക‌് നൽകാനായി നിരവധി സാധനങ്ങളാണ‌് കടവന്ത്ര റീജണൽ സ‌്പോർട‌്സ‌് സെന്ററിൽ എത്തിച്ചത‌്. ജില്ലാ ഭരണനേതൃത്വവും നിരവധി സന്നദ്ധപ്രവർത്തകരും അൻപോട‌് കൊച്ചിയും ചേർന്നാണ‌് സാധനങ്ങൾ സ്വീകരിക്കുന്നത‌്.

അരി, പരിപ്പ‌്, പയർ, ബ്രഡ‌്, വിവിധതരം പൊടികൾ, കുപ്പിവെള്ളം, നാപ‌്കിനുകൾ, മരുന്നുകൾ, പുതിയ വസ‌്ത്രങ്ങൾ, പുതപ്പുകൾ തുടങ്ങി നിരവധി സാധനങ്ങളാണ‌് അൻപോട‌് കൊച്ചിയുടെ കലക്ഷൻ സെന്ററിൽ ലഭിച്ചത‌്.

സിനിമാതാരങ്ങളായ പൂർണിമയും ഇന്ദ്രജിത്തും ദിവസങ്ങളായി നിസ്വാർത്ഥസേവനമാണ‌് നടത്തുന്നത‌്. ഇവർക്കൊപ്പം നിരവധി
കുട്ടികളും സന്നദ്ധപ്രവർത്തകരും കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ട‌്. വിദേശങ്ങളിൽനിന്നുപോലും അവരുടെ ബന്ധുക്കൾവഴി  സാധനങ്ങൾ എത്തിക്കാൻ താൽപ്പര്യം കാണിച്ചിട്ടുണ്ട‌്. ഇവിടെ ശേഖരിക്കുന്ന സാധനങ്ങൾ നേവി വ്യോമ മാർഗ്ഗം പല ക്യാമ്പുകളിൽ എത്തിക്കുന്നുണ്ട‌്. ഉൾപ്രദേശങ്ങളിലെ ക്യാമ്പുകളിൽ ഇവയെത്തിക്കാൻ പ്രയാസമായതിനാൽ ശേഖരിക്കൽ തൽക്കാലം നിർത്തി. മുൻ കലക്ടർ രാജമാണിക്യവും ഇപ്പോഴത്തെ കലക്ടർ കെ മുഹമ്മദ‌് വൈ സഫീറുള്ളയും നേതൃത്വംനൽകുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top