15 November Thursday

മെസി ഒപ്പിട്ട പന്ത‌് ചെല്ലാനത്തിനരികെ; ആഹ്‌ളാദത്തിമിര്‍പ്പില്‍ ആരാധകര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018

പള്ളുരുത്തി >  കൊറിയർ കമ്പനിയുടെ വിലക്കിനെതിരായ ഫുട‌്ബോൾ പ്രേമികളുടെ പ്രതിഷേധം സ‌്‌‌പെയ‌്‌‌‌നിൽ എത്തിയതോടെ ലയണൽ മെസി കൈയൊപ്പ‌് ചാർത്തിയ ഫുട‌്ബോൾ ചെല്ലാനത്തെ യുവാക്കളുടെ കൈകളിലെത്താൻ വഴിതുറന്നു. മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നടത്തിയ വാമോസ് ലിയോ മത്സരത്തിൽ 35 അടി ഉയരുമുള്ള മെസിയുടെ കട്ടൗട്ട് നിർമിച്ച  ചെല്ലാനത്തെ ചെറുപ്പക്കാർക്കു സമ്മാനമായി സ്‌‌‌പെയ‌്‌‌നിൽനിന്നും അയച്ച ഫുട്‌ബോളാണ‌് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്ന പേരിൽ എറണാകുളം മുല്ലശേരി കനാൽ റോഡിൽ പ്രവർത്തിക്കുന്ന  സ്വകാര്യ കൊറിയർ സ്ഥാപനം ഡെലിവറി നിഷേധിച്ചത്.

മെസിയുടെ കട്ടൗട്ട്

മെസിയുടെ കട്ടൗട്ട്

ലോകകപ്പ‌്  ആരവം അവസാനിക്കുന്നതിന‌് മുമ്പ‌് തന്നെ ഫുട്ബോൾ കൊച്ചിയിലെത്തിയിരുന്നു. ഏറ്റുവാങ്ങാൻ   എത്തിയപ്പോഴാണ് നിരവധി രേഖകൾ കൊറിയർ കമ്പനിക്കാർ ആവശ്യപ്പെട്ടത‌്. അതെല്ലാം നൽകിയപ്പോൾ കസ്റ്റംസ്  ഡ്യൂട്ടിയായി 9902 രൂപ അടയ്ക്കണമെന്നായി.  അതേസമയം കൊറിയർ കമ്പനി ആവശ്യപ്പെട്ടിരിക്കുന്ന രണ്ട് യൂറോ  കസ്റ്റസ് ഡ്യൂട്ടി പന്ത് അയച്ചുകൊടുത്ത സ്പാനിഷ് ഫുട‌്ബോൾ ക്ലബ് ബാഴ്സലോണ തന്നെ  അടച്ചിരുന്നു. ഒടുവിൽ ചെല്ലാനത്തുകാർ ഡെലിവറി സ്ഥാപനം ഉപരോധിച്ചു. സംഭവം മറ്റ‌് ഫുട‌്ബോൾ പ്രേമികൾ ഏറ്റെടുക്കുന്നതിനു മുന്നേ  കൊറിയർ കമ്പനി ബാഴ്സയുമായി ബന്ധപ്പെട്ടു. കൊച്ചിയിൽ അടയ‌്ക്കേണ്ട കസ്റ്റംസ് തുക ബാഴ‌്സ അടയ‌്ക്കുകയുംചെയ്തു.  ലോകകപ്പ് ഫൈനലിനു മുന്നേ ഫുട‌്ബോൾ ലഭിക്കാത്തതിന്റെ നിരാശയുണ്ടെങ്കിലും ചെല്ലാനത്ത് മെസിയുടെ ഒപ്പുള്ള പന്ത് എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഫുട‌്ബോൾ പ്രേമികൾ.

ചെല്ലാനം പള്ളിയിലെ ഫാ. വിപിൻ മാളിയേക്കലാണ‌് മത്സരത്തിൽ പങ്കെടുക്കാനായി കട്ടൗട്ട് വയ‌്ക്കുന്ന  വീഡിയോ അയച്ചുകൊടുത്തത്. മത്സരത്തിനൊടുവിൽ ബാഴ്സയുടെ ഔദ്യോഗിക സൈറ്റ് വഴി ചെല്ലാനത്തെ ചെറുപ്പക്കാർ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top