Top
20
Wednesday, September 2017
About UsE-Paper

റേഷന്‍ മുന്‍ഗണനാപട്ടിക : സാന്ത്വനചികിത്സ തേടുന്നവരും സമ്പന്ന പട്ടികയില്‍

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സംരക്ഷണയില്‍ കഴിയുന്ന വയോധികയും സമ്പന്നരുടെ പട്ടികയില്‍. നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടില്‍ ശരീരം ഒരുവശം തളര്‍ന്ന് കിടപ്പിലായ ഈ തൊണ്ണൂറുകാരിക്ക് ലഭിച്ചത് എപിഎല്‍ റേഷന്‍ കാര്‍ഡാണ്. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ 14-ാം വാര്‍ഡില്‍ ആറ്റുപുറത്ത് വീട്ടില്‍ ഗൌരിക്കുട്ടിയമ്മയ്ക്കാണ് എപിഎല്‍ കാര്‍ഡ് ലഭിച്ചത്.ആഴ്ചതോറും ചെങ്ങന്നൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരെത്തി മരുന്നും മറ്റ് പരിചരണസാധനങ്ങളും നല്‍കും.  ഭര്‍ത്താവ് നേരത്തെ മരിച്ചു. അഞ്ചു മക്കളും വിവാഹിതരായി മാറിത്താമസിച്ചതോടെ ഗൌരിക്കുട്ടിയമ്മ തനിച്ചായി. മെയ്ക്കാട് ജോലിക്കാരനായ മൂത്തമകന്‍ ചന്ദ്രന്‍പിള്ളയോടൊപ്പമാണ് ഇപ്പോള്‍ താമസം.

എന്നെ ഒഴിവാക്കിയത് എന്തിന്
 
പട്ടാമ്പി > 'എന്നെ ബിപിഎല്ലില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ല. ബിപിഎല്‍, എപിഎല്‍ തരംതിരിവ് വന്ന കാലം മുതല്‍ ബിപിഎല്ലിലാണ് ഉള്‍പ്പെട്ടിരുന്നത്. ഇത്തവണ മാത്രമാണ് മാറിയത്' കൊഴിക്കോട്ടിരി കൊറ്റികുളങ്ങര വിജയലക്ഷ്മി അമ്മ പറയുന്നു. പൊതുവിഭാഗം എന്ന് എഴുതുക വഴി റേഷനരിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഇടക്കിടക്ക് ആശുപത്രിയില്‍ പോകേണ്ടി വരാറുണ്ട്. അവിടെയും റേഷന്‍ കാര്‍ഡില്‍ മാറ്റം വന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വൈകിട്ട് മാത്രം റോഡരികില്‍ തട്ടുകട നടത്തി കിട്ടുന്ന മകന്റെ തുച്ഛവരുമാനം കൊണ്ടാണ് മരുമകളും രണ്ട് കുട്ടികളുമുള്ള  കുടുംബം കഴിഞ്ഞുകൂടുന്നത്. പുതിയ കാര്‍ഡ് എനിക്ക് ഒരു തരത്തിലും ഉപകാരപ്പെടുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നും അറിയില്ല'. വിജയലക്ഷ്മി അമ്മ പറഞ്ഞു.

ഇവരെ പോലെ റേഷന്‍ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ എപിഎല്‍ ലിസ്റ്റിലാണ്. ജില്ലയില്‍ ആയിരക്കണക്കിന് റേഷന്‍ കാര്‍ഡുകളില്‍ അപാകമുണ്ടെന്നാണ്  പ്രാഥമിക നിഗമനം. ജില്ലയില്‍ റേഷന്‍ കാര്‍ഡ് പൂര്‍ണമായും വിതരണം ചെയ്ത ശേഷമാകും അപാകം പരിഹരിക്കാന്‍ നടപടിയുണ്ടാവുകയെന്ന് സിവില്‍ സപ്ളൈസ് വകുപ്പ് അധികൃതര്‍ പറയുന്നു.