Top
20
Wednesday, September 2017
About UsE-Paper

ജിഎസ്ടി : കേന്ദ്രനിലപാട് വിലക്കയറ്റം സൃഷ്ടിക്കുന്നു

Tuesday Jul 18, 2017
ജി രാജേഷ്കുമാര്‍


തിരുവനന്തപുരം > ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ സാധനങ്ങളുടെ പരമാവധി വില്‍പ്പനവില നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. നികുതികുറഞ്ഞ സാധനങ്ങള്‍ക്കുപോലും കൂടുതല്‍ വില നല്‍കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുള്ള നടപടികള്‍ കേരളം സ്വീകരിക്കുന്നുണ്ടെങ്കിലും എംആര്‍പിക്കും മുകളില്‍ ജിഎസ്ടിയും ചേര്‍ത്തുള്ള വിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്.

നികുതികുറഞ്ഞ സാധനങ്ങളുടെ വില കുറച്ചാലേ ജിഎസ്ടിയുടെ പ്രയോജനം ലഭ്യമാകൂ. കുത്തക കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിയുടെ മറവിലെ കൊള്ള സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രിക്ക് കത്തും അയച്ചിരുന്നു. വില കുറയുകയും കൂടുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതിയിളവ് ലഭിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ജിഎസ്ടി കൌണ്‍സിലില്‍ കേരളത്തിന്റെ ശക്തമായ സമ്മര്‍ദത്തിന്റെ ഭാഗമായാണ് നിയമത്തില്‍ കൊള്ളലാഭ വിരുദ്ധ വ്യവസ്ഥ (ആന്റി പ്രോഫിറ്റീറിങ് ക്ളോസ്) ഉള്‍പ്പെടുത്തിയത്. എന്നാല്‍, അത് ഫലപ്രദമായി നടപ്പായിട്ടില്ല.

ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് കേരള സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 100 ഉല്‍പ്പന്നങ്ങളുടെ നിലവിലുണ്ടായിരുന്ന ആകെ നികുതിയും പുതിയ ജിഎസ്ടി നിരക്കും തമ്മിലുള്ള താരതമ്യപട്ടിക പത്രങ്ങളില്‍ പരസ്യപ്പെടുത്തി.

കോഴിയുടെയും റസ്റ്റോറന്റുകളിലെ ഭക്ഷണത്തിന്റെയും വില കുറയ്ക്കുന്നതിന് ഇടപെട്ടു. കോഴിയിറച്ചിയുടെ നികുതി പൂജ്യമായിട്ടും വില കുറയ്ക്കാന്‍ കച്ചവടക്കാര്‍ തയ്യാറായില്ല. ധനമന്ത്രി കച്ചവടക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെയും സമ്മര്‍ദതന്ത്രങ്ങളുടെയും ഫലമായി വില ഗണ്യമായി കുറയ്ക്കാനായി.

ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ജിഎസ്ടിയുടെ ഭാഗമായുള്ള വിലക്കുറവ് ലഭ്യമാക്കുമെന്ന് ഉറപ്പാക്കി. എംആര്‍പിയുടെ മുകളില്‍ പിന്നെയും നികുതി ചുമത്തുന്നുവെന്ന പരാതികളില്‍ നികുതിവകുപ്പ് കര്‍ശന ഇടപെടല്‍ തുടങ്ങി. ഇത്തരം ബില്ലുകള്‍ നികുതിവകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലേക്ക് അപ്ലോഡ് ചെയ്യാം. ഈ ബില്ലുകള്‍ നല്‍കിയ കടകളില്‍ പരിശോധനയുണ്ടാകും. ലീഗല്‍ മെട്രോളജിവകുപ്പിന്റെ അടക്കം നേതൃത്വത്തില്‍ വ്യാപകപരിശോധനയും നടക്കുന്നു.