Top
26
Wednesday, July 2017
About UsE-Paper

നേഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കണം: എല്‍ഡിഎഫ്

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ തെറ്റില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് എല്‍ഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സമരം നടത്തുന്ന നേഴ്സുമാരുമായി 20ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ പ്രശ്നപരിഹാരമാകുമെന്നാണ് കരുതുന്നത്. മാനേജ്മെന്റും സമരക്കാരും പിടിവാശി ഉപേക്ഷിക്കണം. നേഴ്സുമാരുടെ സമരം തീര്‍ക്കുന്നതില്‍ സര്‍ക്കാരിന് അനാസ്ഥയുണ്ടായിട്ടില്ല.

റേഷന്‍വിതരണത്തിലെ പ്രശ്നങ്ങളും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ആസിയന്‍ കരാറിന്റെ ഭാഗമായി ജീവനോപാധി വിളകളുടെ ലിസ്റ്റ് തയ്യാറാക്കാനും  കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. 

ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ അര്‍ഹരായ പലരും പുറത്തായി. അനര്‍ഹര്‍ കടന്നുകൂടിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ തിരുത്തലുണ്ടാകണം. ശാസ്ത്രീയമായ രീതിയില്‍ ലിസ്റ്റ് തയ്യാറാക്കണം. പഞ്ചസാര പൂര്‍ണമായും നിര്‍ത്തലാക്കുകയും മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറക്കുകയും ചെയ്തത് പുനഃസ്ഥാപിക്കണം. മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ചതിന്റെ ദുരിതം മത്സ്യത്തൊഴിലാളികളാണ് കൂടുതല്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൊടുത്തു തീര്‍ക്കാന്‍ നടപടി വേണം. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനത്തിലെ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. വിരമിക്കല്‍ പ്രായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിന് മൂക്കുകയറിട്ടിട്ടില്ല. മുകേഷ് ഉള്‍പ്പെടെയുള്ള എംഎല്‍എമാരുടെ മൊഴിയെടുത്തതില്‍ തെറ്റില്ല. മൂന്നാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗം വിളിച്ചത് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. റവന്യൂമന്ത്രി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഏതെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ യുവിന്റെ മുന്നണിമാറ്റം ചര്‍ച്ച ചെയ്തില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »