19 November Monday

പാലും മീനും വാങ്ങാനും ബ്ലോക്ചെയിൻ വിദ്യ വരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

തിരുവനന്തപുരം > സംസ്ഥാനത്ത് പാൽ, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും വിള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി  അത്യാധുനിക ബ്ലോക്ചെയിൻ സാങ്കേതികവിദ്യ നടപ്പാക്കും. കേരള ഡെവലപ്മെന്റ‌് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെഡിസ്ക്) ഇത‌് നടപ്പാക്കുന്നത‌്. ബ്ലോക്ചെയിൻ മേഖലയ‌്ക്ക‌് ആവശ്യമായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്സും തുടങ്ങും.

മിൽക്ചെയിൻ എന്ന പേരിലാണ് പാൽവിതരണത്തിൽ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. ഉൽപ്പാദനം, സംഭരണം, വിതരണം എന്നിവയിൽ ഗുണനിലവാരവും കൃത്യനിഷ്ഠയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെഡിസ്ക് ചെയർമാൻ ഡോ. കെ എം എബ്രഹാം അറിയിച്ചു. നിലവിലുള്ള വിതരണശൃംഖലയുടെ വിവരങ്ങൾ ആർക്കും പരിശോധിക്കാവുന്നതരത്തിലുള്ള ഇലക്ട്രോണിക് ലെഡ്ജറായി സൃഷ്ടിക്കും. ശൃംഖലയിലെ ഓരോ ഘടകത്തിനും പ്രത്യേക തിരിച്ചറിയൽ നമ്പരുണ്ടാകും. ഈ നമ്പർ ഉപയോഗിച്ച് വിതരണത്തിന്റെ ഏതുഘട്ടത്തിലും ഉൽപ്പന്നത്തിന്റെ സ്രോതസ്സും ഗുണനിലവാരവും കണ്ടെത്തും.
ഇന്റർനെറ്റ് ഓഫ് തിങ്സ് എന്ന നൂതന വിവരസാങ്കേതികവിദ്യയിലൂടെ ട്രക്കുകൾ, ശീതീകരണ ടാങ്കുകൾ തുടങ്ങിയവയെ ഇന്റർനെറ്റുവഴി ബന്ധപ്പെടുത്തി നിരീക്ഷിക്കും.

പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന വിളനഷ്ടം വിലയിരുത്തി പരമാവധി വേഗത്തിൽ നഷ്ടപരിഹാരം നൽകുന്ന സ്മാർട്ട് വിള ഇൻഷുറൻസ് പദ്ധതിയാണ് ബ്ലോക്ചെയിനിലൂടെ നടപ്പാക്കുന്ന മറ്റൊരു സേവനം. നഷ്ടത്തിന്റെ യഥാർഥ കാരണം പ്രതികൂല കാലാവസ്ഥയാണോ എന്നു നിശ്ചയിക്കാനും ഇക്കാര്യത്തിൽ ഇൻഷുറൻസ് കമ്പനിയുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനും മാത്രമല്ല, തട്ടിപ്പുകാരെ കണ്ടെത്താനും കഴിയും.

പച്ചക്കറിയുടെയും മത്സ്യത്തിന്റെയും വിതരണവും ബ്ലോക്ചെയിൻ വഴിയാക്കും.  സ്വന്തം പച്ചക്കറി കൃഷിയിടങ്ങളെയും ഫിഷ് ലാൻഡിങ‌് കേന്ദ്രങ്ങളെയും പാക്കിങ‌് കേന്ദ്രങ്ങളെയും കർഷകർ ജിയോകോഡഡ് ഇമേജ് വഴി ബ്ലോക്ചെയിൻ ശൃംഖലയിൽ ചേർക്കും. ഈ കോഡിലൂടെ  കർഷകരുടെയോ  കരാറുകാരുടെയോ പായ്ക്കറ്റിലാക്കിയ  ഉൽപ്പന്നം തൂക്കവും ക്യൂആർ കോഡും ആർഎഫ്ഐഡിയും സഹിതം ശൃംഖലയിൽ രജിസ്റ്റർ ചെയ്യാനാകും.  ബ്ലോക്ചെയിനിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ആദ്യ അവസരങ്ങൾ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കെഡിസ്ക് ആസൂത്രണം ചെയ്ത ആക്സിലറേറ്റഡ് ബ്ലോക്ചെയിൻ കോംപീറ്റൻസി ഡെവലപ്മെന്റ‌് (എബിസിഡി) എന്ന പേരിലുള്ള പരിശീലന കോഴ്സിലേക്ക‌് രജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: 0471‐ 2700813, മയരറ.സറശരെ.സലൃമഹമ.ഴ്ീ.ശി

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top