18 July Wednesday

സംസ്ഥാനത്ത്‌ പുതിയതായി ഒരു മദ്യശാലയും തുറക്കാന്‍ അനുവദിക്കില്ല: ടി പി രാമകൃഷ്‌ണന്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

കോഴിക്കോട് > ലഹരിയുടെ പിടിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന്  എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ, ബോധവത്കരണ പ്രസ്ഥാനമായ 'വിമുക്തി'യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നണ്ടെന്നും മന്ത്രി വ്യക്തമമാക്കി. കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ച് പരാതികള്‍ സ്വീകരിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം എക്‌സൈസ് കമ്മീഷണര്‍ തന്നെ നേതൃത്വം നല്‍കിവരികയാണ്.

അനധികൃത ലഹരി പദാര്‍ഥങ്ങള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതും വില്‍പ്പന നടത്തുന്നതും തടയുന്നതിന്റെ ഭാഗമായി മറ്റേതൊരു കാലത്തേക്കാളുമധികം കേസുകള്‍ എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍ തോതിലാണ് കേസുകള്‍ എടുത്തിരിക്കുന്നത്. പാതയോരങ്ങളിലുള്ള എല്ലാ മദ്യശാലകളും മാറ്റണമെന്ന സുപ്രീകോടതി വിധി വന്നു. ആ വിധി വന്നതിന്റെ അടിസ്ഥാനത്തില്‍ നിരവധി ഷാപ്പുകളടക്കം അടച്ചുപൂട്ടിയിരുന്നു. പിന്നീട് രണ്ട് ഘട്ടങ്ങളിലായി സുപ്രീകോടതി വിധി വന്നു. കോര്‍പ്പറേഷനകത്തും മുനിസിപ്പിലിറ്റിയിലുമുള്ള മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതിന് ദേശീയ പാതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ദൂരപരിധി ഒഴിവാക്കി. ഈ കോടതി വിധിയുടെ ഭാഗമായി, അടച്ചിട്ടിരുന്ന മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കി.

 അപ്പോഴും പഞ്ചായത്തുമായി ബന്ധപ്പെട്ട വിലക്ക് നിലനിന്നിരുന്നു. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച്  ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്‍കിയിരുന്നില്ല. പിന്നീടാണ് കോടതി വിധി വരികയും കോര്‍പ്പറേഷന്‍ മുനിസിപ്പിലിറ്റി എന്നിവക്ക് ബാധകമാകുന്ന നിലയില്‍ പഞ്ചായത്തിലും മദ്യശാലകള്‍ പ്രവര്‍ത്തിക്കണം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അതേസമയം യോഗ്യതയില്ലാതെ ഒറ്റഷാപ്പും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ബാറുകള്‍ അടച്ചുപൂട്ടിയതിനാല്‍ നിരവധി തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. കള്ളുഷാപ്പുമായി ബന്ധപ്പെട്ട് 12,100 തൊഴിലാളികള്‍; ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ബാര്‍ ഹോട്ടലുകകള്‍ എന്നിവയിലായി ഏകദേശം 7,500 തൊഴിലാളികള്‍ എന്നിങ്ങനെ മാസങ്ങളായി തൊഴില്‍ ഇല്ലാതെ മുന്നോട്ടുപോവുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഷാപ്പുകള്‍ തുറക്കുന്നത്. മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്‍ഡിഎഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യവര്‍ജനം തന്നെയാണു ലക്ഷ്യം.

മദ്യഷാപ്പുകളുടെ എണ്ണം കൂടിയെന്ന ആരോപണവും തെറ്റാണ്.  ഒരു  ഷാപ്പും ബാര്‍ ഹോട്ടലും  സര്‍ക്കാര്‍ പുതിയതായി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top