14 November Wednesday

ലോകകപ്പ് ഫുട്‌ബോള്‍: പ്രവചനങ്ങളെല്ലാം ശരിയാക്കി പ്രീത് അഴീക്കോട്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

തിരുവനന്തപുരം > ലോകകപ്പ് ഫുട്‌ബോള്‍ വിജയിയെക്കുറിച്ചുള്ള പ്രശസ്‌ത മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെ പ്രവചനം നൂറുശതമാനം ശരിയായി. കപ്പ് നേടുന്ന രാജ്യം ഏതാണെന്നും, എതിരാളി ആരായിരിക്കും എന്നതും, സ്‌കോര്‍ നിലയും ആണ് ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പേ പ്രവചിച്ചിരുന്നത്.

ജൂലൈ 6ന് പ്രവചനം അടങ്ങിയ കടലാസ്  സുതാര്യമായ ചില്ല്‌പെട്ടിക്കകത്ത് അടച്ച്, താക്കോല്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ഏല്‍പ്പിക്കുകയായിരുന്നു. പെട്ടി അന്ന്മുതല്‍ ഏരീസ് പ്ലെക്‌‌‌‌‌സ് തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ജൂലൈ 15ന് ഫൈനല്‍ മാച്ച് കഴിഞ്ഞ ശേഷം മേയറുടെ സാന്നിധ്യത്തില്‍ പെട്ടി തുറന്നു പ്രവചനം പരിശോധിക്കുകയായിരുന്നു. കാണികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് പെട്ടി കൈകാര്യംചെയ്‌തത്.

ഭാവി പറയാന്‍ കഴിയുമെന്ന് അവകാശപ്പെട്ടുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന കപട ശാസ്‌‌‌ത്രങ്ങള്‍ക്കും ദിവ്യന്മാര്‍ക്കും എതിരെയുള്ള ബോധവത്ക്കരണത്തിനായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് പ്രീത് അഴീക്കോട് പറഞ്ഞു. 2014ല്‍ ലോകസഭാ ഇലക്ഷന് ഫലം വരുന്ന ദിവസത്തെ 6 ദിനപത്രങ്ങളുടെ തലകെട്ടുകള്‍ പ്രവചിച്ചുകൊണ്ട്  ജനശ്രദ്ധ ആകര്‍ഷിച്ച മെന്റലിസ്റ്റ് ആണ് ഇദ്ദേഹം. 2 വര്‍ഷത്തോളം കഴക്കൂട്ടത്തുള്ള മാജിക് പ്ലാനറ്റിലെ പെര്‍മോര്‍ ആയിരുന്ന അദ്ദേഹം, ഇപ്പോള്‍ കുടുംബസമേതം സ്വന്തം ഷോ ആയ 'മായാമാനസം' അവതരിപ്പിച്ചു വരികയാണ്. ഭാര്യ: ബലൂണ്‍ ആര്‍ടിസ്റ്റ് ആയ ഷിജിന പ്രീത്, മകള്‍ ജ്വാല പ്രീത്.

പരിപാടിയില്‍ മേയര്‍ വി.കെ. പ്രശാന്ത്, ഏരീസ് പ്ലെക്‌സ് സി.ഇ.ഒ. സോഹന്‍ റായി ബിഗ് എഫ്.എം. ഹെഡ് കിടിലം ഫിറോസ്, ബിഗ എഫ്.എം. ആര്‍.ജെ. സുമി, ആര്‍.ജെ. വിഷ്‌ണു, ആര്‍.ജെ. നീനു, ഏരീസ് പ്ലെക്‌സ് മാനേജര്‍ ജോയ് എന്നിവര്‍ സംസാരിച്ചു. ഷിജിന പ്രീത് നന്ദി പറഞ്ഞു.


 

പ്രധാന വാർത്തകൾ
Top