14 November Wednesday

കൊലപാതകം നേതാക്കളുടെ അറിവോടെ

സ്വന്തം ലേഖകൻUpdated: Tuesday Jul 17, 2018

കൊച്ചി > എറണാകുളം മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത‌് ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം.

സംസ്ഥാനകമ്മിറ്റിയുടെ അംഗീകാരത്തോടെയും  പോപ്പുലർ ഫ്രണ്ടിന്റെ ഉന്നതനേതാക്കളുടെ അറിവോടെയുമാണ‌് കൃത്യം നടപ്പാക്കിയതെന്ന‌് ഞായറാഴ‌്ച പിടിയിലായ ആലുവ ചുണങ്ങംവേലി സ്വദേശി ആദിൽ പൊലീസിനു മൊഴി നൽകി. ആദിലിനെ തിങ്കളാഴ‌്ച വൈകിട്ട‌് കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ‌്തു. കൂടുതൽ ചോദ്യംചെയ്യലിനായി കസ‌്റ്റഡിയിൽ വാങ്ങുമെന്ന‌് പൊലീസ‌് അറിയിച്ചു. അതേസമയം, തിങ്കളാഴ‌്ച എറണാകുളം പ്രസ‌്ക്ലബ്ബിൽ വാർത്താസമ്മേളനം കഴിഞ്ഞിറങ്ങിയ എസ‌്ഡിപിഐ സംസ്ഥാന പ്രസിഡന്റ‌്  ഉൾപ്പെടെ  ആറുപേരെ പൊലീസ‌് കസ‌്റ്റഡിയിലെടുത്ത‌് ചോദ്യംചെയ‌്തശേഷം വിട്ടയച്ചു.

കോളേജിൽ മനഃപൂർവം  പ്രശ‌്നം സൃഷ്ടിക്കാനും ഒന്നോ രണ്ടോ പേരെ കൊലപ്പെടുത്താനുമായിരുന്നു തീരുമാനം. ചുവരെഴുത്തിന്റെ പേരിൽ പ്രശ‌്നം സൃഷ്ടിക്കാനാണ‌് ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർക്ക‌് ലഭിച്ച നിർദേശം. ഈ സമയം എന്തിനും തയ്യാറായി ആയുധങ്ങളുമായി പോപ്പുലർ ഫ്രണ്ടുകാർ കാത്തിരുന്നു. പിടിയിലായ ആദിൽ ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റി അംഗമാണ‌്. ഇയാൾ ഗൂഢാലോചനയിൽ പങ്കാളിയും കൃത്യത്തിൽ പൂർണസമയം പങ്കെടുത്തയാളുമാണ‌്. ഒപ്പമുണ്ടായിരുന്നവരുടെ  ഫോൺനമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ആദിലിൽനിന്ന‌്  പൊലീസിന‌് ലഭിച്ചു.
കൊലപാതകത്തെക്കുറിച്ച‌് എസ‌്ഡിപിഐയുടെ ഉന്നതനേതാക്കൾക്കും അറിവുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ‌് എസ‌്ഡിപിഐ സംസ്ഥാന പ്രസിഡന്റ‌് പി അബ്ദുൾ മജീദ‌് ഫൈസി, വൈസ‌് പ്രസിഡന്റ‌് എം കെ മനോജ‌്കുമാർ, ജനറൽ സെക്രട്ടറി റോയി അറയ‌്ക്കൽ, എറണാകുളം ജില്ലാ പ്രസിഡന്റ‌് വി കെ ഷൗക്കത്തലി എന്നിവരെയും ഇവർ എത്തിയ വാഹനങ്ങളിലെ രണ്ടു ഡ്രൈവർമാരെയും സെൻട്രൽ എസ‌്ഐ ജോസഫ‌് സാജന്റെ നേതൃത്വത്തിൽ  കസ‌്റ്റഡിയിലെടുത്തത‌്. പകൽ 1.30 ഓടെ കസ‌്റ്റഡിയിലെടുത്ത ഇവരെ സെൻട്രൽ സ‌്റ്റേഷനിലെത്തിച്ച‌് ചോദ്യംചെയ‌്തശേഷം വൈകിട്ടോടെ വിട്ടു.

പ്രധാന വാർത്തകൾ
Top