24 September Monday

പ്രവാസി ചിട്ടി; പ്രതിപക്ഷനേതാവിന്റെ ആശങ്ക വെറുതെ: ഐസക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

 തിരുവനന്തപുരം > പ്രവാസി ചിട്ടിയെക്കുറിച്ച‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല ഉന്നയിക്കുന്ന ആശങ്കകൾക്ക‌്  അടിസ്ഥാനമില്ലെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് അറിയിച്ചു. നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചാണ‌് കെഎസ്എഫ്ഇ പ്രവാസി ചിട്ടി ആരംഭിക്കുന്നത‌്.  പ്രതിപക്ഷനേതാവിന്റെ പ്രസ്താവന വസ്തുത മനസ്സിലാക്കാതെയാണ്. അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാകുന്നത് ചിട്ടിയിൽ ചേരാനിരിക്കുന്ന പ്രവാസികളിൽ അനാവശ്യമായ ആശങ്ക  സൃഷ്ടിക്കാനേ ഉപകരിക്കൂ.

കെഎസ്എഫ്ഇയുടെ എല്ലാ  ചിട്ടികളും പോലെതന്നെ ആവശ്യമായ എല്ലാ നിബന്ധനകളും പാലിച്ചാണ് പ്രവാസി ചിട്ടിയും തുടങ്ങുന്നത്. നിയമപരമായ എല്ലാ അനുവാദങ്ങളും ലഭ്യമാക്കിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച് മുൻ ധനമന്ത്രി കെ എം മാണിയും  ഉന്നയിച്ച ആശങ്കയ‌്ക്കും അടിസ്ഥാനമില്ല.  

ചിട്ടിയുടെ സുരക്ഷയ‌്ക്ക‌് ബാങ്ക് ഗ്യാരന്റി വേണമെന്ന നിബന്ധനയാണ് കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് എതിരായി ചൂണ്ടിക്കാട്ടുന്നത്.   ചിട്ടിത്തുകയ്ക്ക് ലഭ്യമാക്കാവുന്ന മൂന്നുതരത്തിലുള്ള സുരക്ഷകളിൽ ഒന്നുമാത്രമാണ് ബാങ്ക് ഗ്യാരന്റി. സർക്കാർസുരക്ഷയും ഇന്ത്യൻ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ള സുരക്ഷയുമാണ് മറ്റു രണ്ടെണ്ണം. ഇതിൽ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ളതാണ് കിഫ്ബി വഴി പ്രവാസി ചിട്ടിക്ക് ലഭ്യമാക്കുന്ന സുരക്ഷ.

ചിട്ടിനിയമത്തിന്റെ സെക‌്ഷൻ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവുമാണ് അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുള്ളത്. അംഗീകൃത സെക്യൂരിറ്റികളിലെ മുതലിനും പലിശയ്ക്കും 1882ലെ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിന്റെ 20‐ാംവകുപ്പുപ്രകാരം സംസ്ഥാന സർക്കാരുകൾ റദ്ദാക്കാനാകാത്ത ഉറപ്പ‌് നൽകുന്നുണ്ട്. 2016ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്കും സർക്കാർ നൂറുശതമാനം ഗ്യാരന്റി നൽകുന്നുണ്ട്ചിട്ടിയുടെ സെക്യൂരിറ്റിത്തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിന‌് ആവശ്യമായ  നിയമഭേദഗതി വരുത്തിയത് ധനമന്ത്രിയായിരിക്കെ  കെ എം മാണിയാണ്.

 ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. എന്നാൽ, എല്ലാ കിഫ്ബി ബോണ്ടുകൾക്കും നൂറ‌് ശതമാനം സർക്കാർ ഉറപ്പ‌് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസി ചിട്ടിയുടെ സുരക്ഷാത്തുക കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് ഇത്തരത്തിൽ ഒരു ഉത്തരവുപോലും ആവശ്യമില്ലെന്നാണ് സർക്കാർനിലപാട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെങ്കിൽ ആരുമായും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നും വാർത്താക്കുറിപ്പിൽ ധനമന്ത്രി വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top