11 December Tuesday

അസ്താനയ്ക്ക് അമിതാധികാരം: സിബിഐയിൽ പ്രതിഷേധം

പി ആർ ചന്തുകിരൺUpdated: Tuesday Jul 17, 2018

ന്യൂഡൽഹി  > അമിത് ഷായുടെ അടുപ്പക്കാരൻ രാകേഷ് അസ്താനയ്ക്ക് അമിതാധികാരം നൽകുന്നതിൽ സിബിഐയിൽ വിയോജിപ്പ്. സ്പെഷ്യൽ ഡയറക്ടറായ അസ്താനയ്ക്ക് ഡയറക്ടർ അലോക് വർമയെ പ്രതിനിധാനംചെയ്യാനാകില്ലെന്ന് സെൻട്രൽ വിജിലൻസ് കമീഷന് (സിവിസി) സിബിഐ കത്തയച്ചു. സിബിഐയിലേക്ക് നിയമിക്കാൻ പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അലോക് വർമയുടെ അഭാവത്തിൽ അസ്താനയെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. സിബിഐയിലേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥർ  സിബിഐതന്നെ അന്വേഷിക്കുന്ന കേസുകളിൽ സംശയിക്കുന്നവരോ കുറ്റാരോപിതരോ ആണെന്നും കത്തിൽ പറയുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിനുമുന്നോടിയായി സിബിഐയിൽ രാഷ്ട്രീയനിയമനങ്ങൾക്കുള്ള നീക്കം ശക്തമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അസ്താനയ്ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തി സിവിസിക്ക് സിബിഐ കത്തയച്ച വിവരം ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

സിബിഐ അന്വേഷിക്കുന്ന നിരവധി കേസുകളിൽ ആരോപണവിധേയനായ രാകേഷ് അസ്താനയെ മറ്റ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ ഇടപെടാൻ അനുവദിക്കരുതെന്ന് സിബിഐ ആവശ്യപ്പെടുന്നു. സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്താൻ ഇതത്യാവശ്യമാണ്. ജൂലൈ 12ന് സിബിഐ സെലക‌്ഷൻ കമ്മിറ്റിയോഗം ചേരുമെന്ന് അറിയിച്ച് 10ന് സിവിസിയിൽനിന്നുള്ള ഫോൺ കോളിനുള്ള മറുപടിക്കത്തുകളിലാണ് സിബിഐ വിയോജിപ്പ് അറിയിച്ചത്. സിബിഐ ഡയറക്ടറുടെ അനുമതിയോടെയാണ് സിബിഐ കത്തയച്ചത്. സിബിഐയിലേക്ക് നിയമിക്കാൻ പരിഗണിക്കുന്ന ഉദ്യോഗസ്ഥരെക്കറിച്ച് അന്വേഷണം നടത്താൻ ആവശ്യത്തിന് സമയം ലഭിച്ചില്ല. അജൻഡ വ്യക്തമാക്കാതെ സെലക‌്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചതിലും കത്ത് ആശങ്ക അറിയിച്ചിട്ടുണ്ട്.

സെലക‌്ഷൻ കമ്മിറ്റിയുടെ ശുപാർശ കേന്ദ്രസർക്കാരിന‌് നൽകുന്നതിനുമുമ്പ് സിബിഐ ഡയറക്ടറുടെ അനുമതി വാങ്ങേണ്ടതുണ്ട്. ഡയറക്ടർ അലോക് വർമ ഉറുഗ്വേയിൽ ഇന്റർപോൾ കോൺഫറൻസിനായി പോയ സമയത്താണ് സെലക‌്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചത്. ഡയറക്ടറുടെ അഭാവത്തിൽ സ്പെഷ്യൽ ഡയറക്ടർ യോഗത്തിൽ പങ്കെടുക്കണമെന്ന് സിവിസി അറിയിച്ചു. ഇതിനുള്ള മറുപടിയായി രണ്ടാമത്തെ കത്തിൽ ഡയറക്ടറുടെ താൽക്കാലികചുമതല അസ്താനയ്ക്ക് നൽകിയിട്ടില്ലെന്നും സിബിഐ അറിയിച്ചു. കഴിഞ്ഞവർഷം സ്പെഷ്യൽ ഡയറക്ടറായി അസ്താനയെ നിയമിച്ചതോടെതന്നെ സിവിസിയുടെ ഇടപെടൽ സംശയനിഴലിലായിരുന്നു. ആരോപണവിധേയനായ അസ്താനയെ ഒഴിവാക്കണമെന്ന ഡയറക്ടറുടെ നിർദേശം പരിഗണിക്കാതെയാണ് നിയമനം നടത്തിയത്. 1984ലെ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താനയാണ് ഗോധ‌്‌ര സംഭവം അന്വേഷിച്ചത്. 2016 ഡിസംബറിൽ സിബിഐ ഇടക്കാല ഡയറക്ടറായും അസ്താനയെ നിയമിച്ചിരുന്നു.

സിബിഐയിലേക്ക് പരിഗണിക്കുന്ന യുപി കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ, നിലവിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറലുമായ ജ്യോതി നാരായണനും അസ്താനയുംതമ്മിൽ ബന്ധമുണ്ടെന്നും കത്തിൽ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾ സിബിഐ അന്വേഷിക്കുന്ന ക്രിമിനൽ കേസിൽ കുറ്റാരോപിതനുമാണ്.

പ്രധാന വാർത്തകൾ
Top