20 May Sunday

അപ്രോച്ച‌് റോഡിലെ വിള്ളല്‍ ആശങ്ക വേണ്ടെന്ന‌് വിദഗ‌്ധർ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


കൊച്ചി
 എറണാകുളം സൗത്ത് പാലത്തിലെ അപ്രോച്ച‌് റോഡിലുണ്ടായ വിള്ളലിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന‌് കണ്ടെത്തൽ.  ചൊവ്വാഴ‌്ച രാത്രി മെട്രോ നിർമാണവുമായി ബന്ധപ്പെട്ട‌് നടന്ന പൈലിങ്ങിനായി മണ്ണുനീക്കുമ്പോഴാണ‌് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത‌്. തുടർന്ന‌് ബുധനാഴ‌്ച ഡിഎംആർസി, പിഡബ്ല്യുഡി അധികൃതർ നടത്തിയ പരിശോധനയ‌്ക്കുശേഷമാണ‌് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന‌് വ്യകതമാക്കിയത‌്.

ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തിൽ രാവിലെ 8.30നാണ‌് വിദഗ‌്ധസംഘം  പരിശോധന നടത്തിയത്. പാലത്തിന് ഒരുതരത്തിലുള്ള തകരാറും സംഭവിച്ചിട്ടില്ലെന്നാണ് സംഘത്തിന്റെ നിരീക്ഷണം.  വിള്ളലുണ്ടായ സ്ഥലവും മെട്രോ നിർമാണം നടക്കുന്ന സ്ഥലവും  സംഘം പരിശോധിച്ചു. പ്രോജക്ട് ഡയറക്ടറും സംഘത്തിലുണ്ടായിരുന്നു.  ഉച്ചയ‌്ക്കുശേഷമാണ‌് പിഡബ്ല്യുഡി അധികൃതർ പരിശോധന നടത്തിയത‌്. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പാലത്തിലല്ല, പാലത്തിന്റെ അപ്രോച്ച് ഭാഗത്താണ് ചെറിയ വിള്ളൽ വീണതെന്നും ഇത് പാലത്തെ ബാധിക്കില്ലെന്നും എക‌്സിക്യൂട്ടീവ‌്  എൻജിനിയർ പറഞ്ഞു. മെട്രോ നിർമാണത്തിന്റെ ഭാഗമായി പൈലിങ് നടത്തിയ സ്ഥലത്തുനിന്ന് മണ്ണെടുത്തപ്പോഴാണ് ചെറിയ വിള്ളൽ കണ്ടത്. മണ്ണ‌് തിരികെയിട്ടതോടെ പ്രശ്‌നം പരിഹരിച്ചു. ഇനി മണ്ണ‌് നീക്കുമ്പോൾ സംരക്ഷണം ഉറപ്പുവരുത്താൻ ഡിഎംആർസിക്കും നിർദേശം നൽകിയിട്ടുണ്ട‌്.

വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന‌്  ചൊവ്വാഴ്ച രാത്രി താൽകാലികമായി നിർത്തിവച്ച മെട്രോ നിർമാണം ബുധനാഴ്ച രാവിലെ പുനരാരംഭിച്ചു.
ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ്  വിള്ളൽ കാണപ്പെട്ടത്. ഒരുമീറ്ററിലേറെ നീളത്തിലുള്ള വിള്ളൽ രൂപപ്പെട്ടതോടെ നാട്ടുകാർ ഭീതിയിലായി. സൗത്ത് പാലത്തിന് താഴെ മെട്രോ നിർമാണത്തിനായി തൂൺ നിർമിക്കാൻ പൈലിങ്ങിനിടയിൽ മണ്ണ് നീക്കുമ്പോഴാണ് വിള്ളൽ വീണതെന്നാണ് സമീപവാസികൾ പറയുന്നത്. എന്നാൽ, കനത്ത മഴയിൽ പാലത്തിനടിയിൽ മണ്ണിളകിയതാണ് വിള്ളലിന് കാരണമെന്നായിരുന്നു നിർമാണ ഏജൻസിയുടെ വാദം. പാലത്തിൽ വിള്ളൽ വീണതോടെ ചൊവ്വാഴ്ച രാത്രിതന്നെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top