18 August Saturday

കുടിശ്ശിക തീർത്ത്‌ വിതരണം ക്ഷേമപെൻഷൻ 3ലക്ഷംപേർക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


ആലപ്പുഴ
ജീവിതത്തിന്റെ വസന്തകാലം മുഴുവൻ തൊണ്ടുതല്ലിയും കയർപിരിച്ചും കഴിഞ്ഞ കോമളപുരം കുറ്റിപ്പുറത്ത് വീട്ടിൽ പൊന്നമ്മ (65) യുടെ ശിഷ്ടകാലത്തേക്കും സർക്കാരിന്റെ കരുതൽ.

കയർതൊഴിലിൽനിന്ന് വിരമിച്ചയുടൻ സർക്കാർ പൊന്നമ്മക്ക് പെൻഷൻ അനുവദിച്ചു. പടിപടിയായി എത്തിയ വർധന 1100 രൂപ. കഴിഞ്ഞ മാർച്ചിൽ നാലുമാസത്തെ പെൻഷൻ ഒരുമിച്ച് കിട്ടിയതോടെ വിഷു ആഘോഷിക്കാനായി. കയർതൊഴിലിനിടെ തുടങ്ങിവച്ച പച്ചക്കറി കച്ചവടമാണ് ഇപ്പോഴുള്ള നിത്യവരുമാനം. മുല്ലയ്ക്കൽ റോഡിൽ ചുട്ടുപൊള്ളുന്ന വെയിലത്തിരുന്ന് പച്ചക്കറി വിൽക്കുന്നതിനിടെയും തങ്ങളെ പോലുള്ളവർക്ക് വർധിപ്പിച്ച പെൻഷൻ നൽകിയ ഇടതുപക്ഷ സർക്കാരിനോടുള്ള നന്ദിയും കടപ്പാടും പൊന്നമ്മ പ്രകടിപ്പിച്ചു.

പൊന്നമ്മയെ പോലെ ലക്ഷക്കണക്കിനാളുകൾക്കാണ് ജീവിതത്തിൽ സർക്കാരിന്റെ കൈത്താങ്ങ്. എല്ലാവർക്കും കുടിശ്ശികയില്ലാതെ പെൻഷൻ പൂർണമായി കൊടുത്തുതീർത്തു.  തുച്ഛവരുമാനത്തിൽ ജോലിചെയ്ത് വാർധക്യത്തിലെത്തുന്നവർക്ക് ശിഷ്ടജീവിതം ദുഃസ്വപ്നമായിരുന്ന കാലം പഴങ്കഥയാക്കിയാണ് സർക്കാർ ഇടപെടൽ. വിധവകൾ, വയോജനങ്ങൾ, വികലാംഗർ, കർഷകത്തൊഴിലാളികൾ തുടങ്ങി നാനാതുറകളിലുള്ളവരിലേക്കും സർക്കാരിന്റെ ആശ്വാസകിരണങ്ങൾ എത്തി. ജില്ലയിൽ മാത്രം 3.06,693 പേർക്കാണ് വിവിധ ക്ഷേമപെൻഷനുകൾ നൽകുന്നത്. 1,90,703 സ്ത്രീകളും 1,10,866 പുരുഷന്മാരുമാണ് ഈ പട്ടികയിൽ. കൂടാതെ കയർ, മത്സ്യം എന്നീ പരമ്പരാഗത മേഖലയിലെയും വിവിധ ക്ഷേമനിധിയിൽ അംഗങ്ങളായവർക്കും നൽകുന്ന പെൻഷൻ ആനുകൂല്യം നൽകുന്നു.

48,639 പേരാണ് കർഷകത്തൊഴിലാളി പെൻഷൻ വാങ്ങുന്നത്. വാർധക്യകാല പെൻഷൻ‐ 1,54,938, വികലാംഗ പെൻഷൻ‐ 26,313, വിധവ പെൻഷൻ‐ 71,679,  അവിവാഹിതരായ 50 വയസുകഴിഞ്ഞവർക്കുള്ള പെൻഷൻ‐ 5124 എന്നീ ക്രമത്തിലാണ് മറ്റ് പെൻഷൻകാരുടെ എണ്ണം. വികലാംഗപെൻഷൻ 1100 രൂപയിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ 1300 രൂപയായി വർധിപ്പിച്ചാണ് നൽകിയത്. യുഡിഎഫ് ഭരണകാലം ഇവരുടെയെല്ലാം ഓർമകളിൽ ഇപ്പോഴുമുണ്ട്. മാസങ്ങളോളം കുടിശ്ശികയായ പെൻഷൻ വല്ലപ്പോഴും കിട്ടിയാലായി. അതാണ് ഇടതുപക്ഷ സർക്കാർ കൃത്യമാക്കിയത്. നേരത്തെ പഞ്ചായത്തുകൾ മുഖേനയായിരുന്ന വിതരണം സഹകരണബാങ്കുകളെ ഏൽപ്പിച്ച് കുറ്റമറ്റതാക്കി. കാത്തിരിപ്പില്ലാതെ എല്ലാവർക്കും പെൻഷൻ വീട്ടിലെത്തിച്ചു.

ബാങ്കിലൂടെ വേണ്ടവർക്ക് അവരുടെ അക്കൗണ്ട് വഴിയും വിതരണം. സാമൂഹ്യ സുരക്ഷാപെൻഷനുകളും ക്ഷേമപെൻഷനുകളും ഇരട്ടിയാക്കി യഥാസമയം വിതരണം ചെയ്ത നടപടിയും സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് തിളക്കം കൂട്ടുന്നു.
 

പ്രധാന വാർത്തകൾ
Top