23 April Monday

മോശം പെരുമാറ്റം: മദര്‍കോളേജ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു; വിദ്യാര്‍ഥികള്‍ സമരം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017

തൃശൂര്‍> വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ആക്ടിംഗ് പ്രിന്‍സിപ്പല്‍ ആര്‍ യു അബ്ദുള്‍സലീമിനെതിരെ പാവറട്ടി പൊലീസ് കേസെടുത്തു. സലീമിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ഥിനികള്‍ ഉന്നയിക്കുന്നത്. പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ രാപകല്‍  സമരത്തിലാണ്.

നാനൂറു വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ നൂറോളം സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ ഗ്രീന്‍ റൂമിലടക്കം ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. ലൈംഗിക ചുവയോടെ സംസാരിക്കുന്നു എന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആരോപണം.

അബ്ദുല്‍ സലീം

അബ്ദുല്‍ സലീം

ബാത്ത്റൂമില്‍ നിന്നു കണ്ടെടുത്ത ബ്ളെയ്ഡിനെക്കുറിച്ചും ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചു, മുറിയില്‍ കൊണ്ടുപോയി നടത്തിച്ചു,  പെണ്‍കുട്ടിയുടെ പേഴ്സണല്‍ ഡയറി മറ്റുവിദ്യാര്‍ഥികളുടെ മുന്നില്‍ വച്ചു വായിച്ചു.. തുടങ്ങി നിരവധി പരാതികളാണ് അബ്ദുള്‍ സലീമിനെതിരെ വിദ്യാര്‍ഥിനികള്‍ ഉന്നയിച്ചിരിക്കുന്നത്. അനാവശ്യ പിഴകള്‍ ഈടാക്കുന്നെന്നും പരാതിയുണ്ട്. ക്യാമ്പസില്‍ മൊബെല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ ഈടാക്കുന്നത്.

അതേസമയം, വിദ്യര്‍ഥികളുടെ സമരം അനാവശ്യമാണെന്നാണ് അധ്യാപകരുടെ പ്രതികരണം. പ്രിന്‍സിപ്പല്‍ രാജി വച്ചാല്‍ തങ്ങള്‍ ക്ളാസ് എടുക്കില്ലെന്നും ചില അധ്യാപകര്‍ പറയുന്നു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ രാജി എന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.

ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന ദുരിതം തടവറകള്‍ക്ക് സമാനമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ആവശ്യമായ ശുദ്ധജലമില്ല, രോഗം ബാധിച്ചാല്‍ കൃത്യസമയത്ത് ചികിത്സ തേടാന്‍ അനുവാദമില്ല, രോഗം മൂര്‍ച്ഛിച്ചാല്‍ മാനേജ്മെന്റ് പ്രതിനിധികള്‍ നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ ചികിത്സിക്കണം, എതിര്‍ക്കുന്ന പെണ്‍കുട്ടികളെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായി തെറ്റായി ആരോപിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top