19 June Tuesday
എംടിക്ക് മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും

ദേശാഭിമാനി പുരസ് കാര രാവ് 24ന്

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017


കോഴിക്കോട് >  ദേശാഭിമാനി പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യപുരസ്കാരം 24ന് എം ടി വാസുദേവന്‍നായര്‍ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് ആറിനാണ് ചടങ്ങ്. സിനിമാ നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. ചലച്ചിത്ര - കലാ-സാംസ്കാരിക രംഗത്തെപ്രമുഖര്‍  പങ്കെടുക്കും.

  രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഭാഗമായി കടപ്പുറത്ത് കലാവിരുന്നൊരുക്കും. പരിപാടികളുടെ ഭാഗമായി കോഴിക്കോട്ട് വിപുലമായ സാംസ്കാരിക-സാഹിത്യ പരിപാടികള്‍ അരങ്ങേറുമെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസും എം ടി ഫെസ്റ്റ് സംഘാടകസമിതി ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

നടന്‍ മുകേഷ് എംഎല്‍എ, കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത, കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകരായ രഞ്ജിത്, ലാല്‍ജോസ്, സത്യന്‍ അന്തിക്കാട്, താരങ്ങളായ ശരത്കുമാര്‍, മനോജ് കെ ജയന്‍, മാമുക്കോയ, ലക്ഷ്മി ഗോപാലസ്വാമി, വിനീത്, മീരാനന്ദന്‍ എന്നിവര്‍ വേദിയെ ധന്യമാക്കും. നോവലിസ്റ്റ് സി രാധാകൃഷ്ണന്‍, കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ഖദീജ മുംതാസ്, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയ സാഹിത്യനായകരും പങ്കെടുക്കും.

അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഭാഗമായി കലാവിരുന്നും അരങ്ങേറും. നടന്‍ വിനീത്, നടി ലക്ഷ്മി ഗോപാലസ്വാമി, മീരാനന്ദന്‍, അനുമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമ-ടെലിവിഷന്‍ താരങ്ങളുടെ കലാപരിപാടികള്‍ പുരസ്കാര രാവിന് ശോഭയേകും. സംഗീതസംവിധായകന്‍ ബിജിപാല്‍ നയിക്കുന്ന സംഗീതവിരുന്നില്‍ പി ജയചന്ദ്രന്‍, വിജയ് യേശുദാസ് തുടങ്ങിയവര്‍  എം ടി സിനിമകളിലെ ഗാനങ്ങള്‍ ആലപിക്കും. 

സാംസ്കാരികോത്സവം 18 മുതല്‍ 24 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് നടക്കുക. 18, 19 തിയ്യതികളില്‍ നളന്ദഓഡിറ്റോറിയത്തില്‍ എം ടി സിനിമകളുടെ  പ്രദര്‍ശനത്തോടെയാണ് തുടക്കം. അവാര്‍ഡ് സമര്‍പ്പണ സന്ദേശവുമായി മുതലക്കുളം മൈതാനത്ത് 20ന് വിളംബരസമ്മേളനം ചേരും. കേന്ദ്ര- കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് 22, 23 തിയ്യതികളില്‍ ടാഗോര്‍ ഹാളില്‍ ദേശീയ സെമിനാറും കേരളത്തിലെ എല്ലാ പുസ്തക പ്രസാധകരും പങ്കെടുക്കുന്ന പുസ്തകോത്സവവും സംഘടിപ്പിക്കും. 23ന് ടാഗോര്‍ ഹാളില്‍ എം ടിയുടെ അപൂര്‍വ കഥാപാത്രങ്ങളുടെ  ദൃശ്യാവിഷ്കാരം അരങ്ങേറും. 21 മുതല്‍ 24 വരെ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ എം ടി മ്യൂസിയം ഒരുങ്ങും. ഒരെഴുത്തുകാരനും ലഭിച്ചിട്ടില്ലാത്ത അപൂര്‍വ ആദരവാണ് ദേശാഭിമാനി സാഹിത്യ-സാംസ്കാരികോത്സവത്തിലൂടെ എം ടിക്ക് സമ്മാനിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രഞ്ജിത് വിശ്വം, സംഘാടകസമിതി വൈസ് ചെയര്‍മാന്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ ഒ പി സുരേഷ് എന്നിവരും പങ്കെടുത്തു.

കോഴിക്കോട്ട് നാളെമുതല്‍ സാംസ്കാരികോത്സവം
കോഴിക്കോട് > ദേശാഭിമാനി എം ടി സാംസ്കാരികോത്സവത്തിന് 18ന് കോഴിക്കോട്ട് തിരിതെളിയും. ഒരാഴ്ച നീളുന്ന സാംസ്കാരികോത്സവം ചരിത്രനഗരിക്ക് പുത്തന്‍ സാംസ്കാരികാനുഭവം സമ്മാനിക്കും. ഇന്നേവരെ ഒരു പത്ര-ദൃശ്യമാധ്യമവും സംഘടിപ്പിച്ചിട്ടില്ലാത്ത വൈവിധ്യമാര്‍ന്ന സാഹിത്യ-കലാ വിരുന്നിനാണ് ദേശാഭിമാനിയുടെ വജ്രജൂബിലി ഉപഹാരസമര്‍പ്പണത്തിന്റെ ഭാഗമായി കോഴിക്കോട് ആതിഥ്യമരുളുന്നത്.

എം ടി ചലച്ചിത്രമേളയോടെയാണ് ഉത്സവ കൊടിയേറ്റം. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നളന്ദയില്‍ 18, 19 തിയ്യതികളിലാണ് സിനിമാമേള.  നിര്‍മാല്യം, മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ബന്ധനം, ഓളവും തീരവും,  എം ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററികളായ കുമരനല്ലൂരിലെ കുളങ്ങള്‍,  എ മൊമന്റ്്സ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി എന്നിവ  പ്രദര്‍ശിപ്പിക്കും. 18ന് വൈകിട്ട് അഞ്ചിന് കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും.

അവാര്‍ഡ് സമര്‍പ്പണ സന്ദേശവുമായി മുതലക്കുളം മൈതാനത്ത് 20ന് വിളംബരസമ്മേളനം ചേരും. വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ എംപി മുഖ്യാതിഥിയാകും. ചലച്ചിത്ര നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ വി കെ ശ്രീരാമന്‍, സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എംപി, മുസ്ളിംലീഗ് അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി, എ പ്രദീപ്കുമാര്‍ എംഎല്‍എ, സിപിഐ എം ജില്ലാസെക്രട്ടറി പി മോഹനന്‍ എന്നിവര്‍ പങ്കെടുക്കും. പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്‍ ദേശാഭിമാനി മുദ്രാഗാനം അവതരിപ്പിക്കും.

ജ്ഞാനപീഠവും പത്മഭൂഷണുമടക്കം എം ടി എന്ന പ്രതിഭക്ക് ലഭിച്ച ദേശീയ ബഹുമതികളും പുരസ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന എം ടി മ്യൂസിയമാണ് സവിശേഷമായ മറ്റൊരു പരിപാടി. പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ എം ടിയുടെ ഫോട്ടോകളും ലളിതകലാ അക്കാദമി നടത്തിയ ഇലസ്ട്രേഷന്‍ ക്യാമ്പില്‍ രചിച്ച ചിത്രങ്ങളും മ്യൂസിയത്തിലുണ്ടാകും. 21 മുതല്‍ 24 വരെ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയിലാണ് മ്യൂസിയം. 21ന് രാവിലെ 10ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ മ്യൂസിയം ഉദ്ഘാടനംചെയ്യും. 

22, 23 തിയ്യതികളില്‍ ടാഗോര്‍ഹാളിലാണ് ദേശീയ സാഹിത്യ സെമിനാര്‍. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുമായി സഹകരിച്ചാണ് പരിപാടി. 22ന് രാവിലെ 10ന് ജ്ഞാനപീഠ പുരസ്കാര ജേതാവ് പ്രതിഭാറായ്  ഉദ്ഘാടനംചെയ്യും. ടാഗോര്‍ ഹാള്‍ അങ്കണത്തില്‍ ഈ ദിവസങ്ങളില്‍ പുസ്തകമേളയുണ്ട്. 22-ന് വൈകിട്ട് ആറിന് എം ടിയുടെ 'രണ്ടാമൂഴം' എന്ന നോവലിനെ ആസ്പദമാക്കി പ്രശസ്ത നര്‍ത്തകി സുചിത്ര വിശ്വേശ്വരന്‍  മോഹിനിയാട്ടം അവതരിപ്പിക്കും.

വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ക്കുവരെ പങ്കെടുക്കാവുന്ന വിവിധ മത്സരങ്ങളുണ്ട്. 23ന് രാവിലെ പത്തിന്് ടൌണ്‍ഹാളിലാണ് വീട്ടമ്മമാര്‍ക്കായി  ലേഖന -ക്വിസ് മത്സരങ്ങള്‍. കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരവും ഉണ്ട്.

23ന് വൈകിട്ട് ആറിന് ടാഗോര്‍ ഹാളില്‍ എം ടിക്കൊപ്പം  സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പങ്കെടുക്കുന്ന 'എം ടിക്ക് സ്നേഹാദരങ്ങളോടെ'- സുഹൃദ് സംഗമം നടക്കും. തുടര്‍ന്ന് എം ടിയുടെ കഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്ന ദൃശ്യാവിഷ്കാരം 'മഹാസാഗരം' അരങ്ങേറും. വി ആര്‍ സുധീഷിന്റെ രചനയില്‍ പ്രശസ്ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണനാണ് ദൃശ്യാവിഷ്കാരം ഒരുക്കുന്നത്.

24ന് അവാര്‍ഡ് സമര്‍പ്പണത്തിനും പുരസ്കാര രാവിനും മുന്നോടിയായി സാംസ്കാരിക ഘോഷയാത്ര സ്വപ്നനഗരിക്ക് മുന്നിലെ ബൈപാസ് റോഡില്‍നിന്ന് വൈകിട്ട് നാലിന് തുടങ്ങും. എം ടി രചനകളിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ആവിഷ്കരിക്കുന്ന നിശ്ചലദൃശ്യങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയുണ്ടാകും. വൈകിട്ട് ആറിന് ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന 'സ്നേഹപൂര്‍വം എം ടിക്ക്' ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശാഭിമാനി സാഹിത്യ പുരസ്കാരം സമ്മാനിക്കും. മന്ത്രി ടി പി രാമകൃഷ്ണന്‍, എം പി വീരേന്ദ്രകുമാര്‍ എംപി, എളമരം കരീം, ഡോ. എം കെ മുനീര്‍ എംഎല്‍എ തുടങ്ങിയവരും പങ്കെടുക്കും.

പ്രധാന വാർത്തകൾ
Top