Top
24
Saturday, February 2018
About UsE-Paper

കായംകുളം ത്രസിച്ചു; മഹാപ്രവാഹത്തില്‍

Wednesday Jan 17, 2018
ലെനി ജോസഫ്

കായംകുളം > നാടിന്റെ സിരകളില്‍ വിപ്ളവത്തിന്റെ അഗ്നിപടര്‍ത്തി അലകടല്‍പോല്‍ ആര്‍ത്തലച്ചെത്തിയ ജനസഞ്ചയം ചരിത്രനഗരമായ കായംകുളത്തെ ഇളക്കിമറിച്ചു. ഓണാട്ടുകരയിലെ ജനതതിയുടെ സംഘബോധത്തിന്റെ ശക്തിസൌന്ദര്യങ്ങളുടെ നിദര്‍ശനമായി മാറിയ പടുകൂറ്റന്‍ പ്രകടനത്തോടെ സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് സമാപനമായി. ചെമ്പടയുടെ ചിട്ടയോടെയുള്ള ചുവടുവയ്പ് രാജഭരണത്തിന്റെ രഥമുരുണ്ട കായംകുളത്തെ മണ്ണിന് പുതിയ കാലത്തെ മാറ്റത്തിന്റെ സ്പന്ദനമായി.
 അടിമച്ചന്തയുടെയും കഥ പറയാനുള്ള കായംകുളത്തെ നഗരവീഥികളിലൂടെ ചൂഷണത്തിനെതിരെ പൊരുതുന്നവരുടെ പ്രകടനം എംഎസ്എം കോളേജ് ഗ്രൌണ്ട്, മുരുക്കുംമൂട്, നിറയില്‍മുക്ക്, കുന്നത്താലുംമൂട് എന്നീ നാലുകേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ചു. സ്ത്രീകളടക്കമുള്ള ചുവപ്പുസേനയുടെ മാര്‍ച്ച് മികാസ് കണ്‍വന്‍ഷന്‍ സെന്ററില്‍നിന്നാണ് തുടങ്ങിയത്.

പ്രിയനേതാവ് കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എയുടെ ആകസ്മിക വേര്‍പാടില്‍ അനുശോചിച്ചാണ് കെ കെ ചെല്ലപ്പന്‍ നഗറില്‍ (എല്‍മെക്സ് ഗ്രൌണ്ട്) പൊതുസമ്മേളനം ആരംഭിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സി എസ് സുജാത, പ്രതിഭാഹരി എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി അരവിന്ദക്ഷന്‍ നന്ദിയും പറഞ്ഞു.

പ്രകടനത്തിന് സി കെ സദാശിവന്‍, സി ബി ചന്ദ്രബാബു, സി എസ് സുജാത, ആര്‍ നാസര്‍, കെ പ്രസാദ്, എം സുരേന്ദ്രന്‍, എച്ച് സലാം, ടി കെ ദേവകുമാര്‍, ജി വേണുഗോപാല്‍, ഡി ലക്ഷ്മണന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം എ അലിയാര്‍, ജനറല്‍ കണ്‍വീനര്‍ പി അരവിന്ദാക്ഷന്‍, കെ എച്ച് ബാബുജാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related News

കൂടുതൽ വാർത്തകൾ »