11 December Tuesday

വാഹനങ്ങളുടെ അമിതവേഗം: അപകടഭീതിയിൽ കാൽനടക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018


മട്ടാഞ്ചേരി
തോപ്പുംപടി ഭാഗങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ അമിതവേഗം കാൽനട യാത്രക്കാർക്ക‌് ഭീഷണിയാകുന്നു. ബുധനാഴ്ച വൈകിട്ട് തോപ്പുംപടി ബിഒടി ജങ്ഷനിൽ റോഡ് മുറിച്ചുകടക്കവെ വിദ്യാർഥിനിയെ കാർ ഇടിച്ചുതെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഫോർട്ടുകൊച്ചി അമരാവതിയിൽ  ഷഫീഖിന്റെ മകൾ സുൽഫത്തി (19)നെ മെഡിക്കൽ ട്രസ്റ്റ് ആശ്രുപതിയിൽ പ്രവേശിപ്പിച്ചു. ചേർത്തല ഗവ. കോളേജിലെ എൻജിനിയറിങ‌് വിദ്യാർഥിനിയാണ്. ഇവിടെത്തന്നെ കഴിഞ്ഞ ശനിയാഴ്ച കൈക്കുഞ്ഞുമായി പോകുകയായിരുന്ന യുവതിയെ ഇരുചക്രവാഹനമിടിച്ചിരുന്നു. ദിനംപ്രതി അപകടങ്ങൾ പതിവാകുമ്പോഴും അധികൃതരുടെ നിസ്സംഗതയിൽ പ്രതിഷേധം ശക്തമാണ്.

തോപ്പുംപടി ബിഒടി പാലം മുതൽ ഫിഷറീസ് ഹാർബറിന്റെ മുന്നിലെ റോഡുവരെ അപകടം പതിവാണ്. അനധികൃത വാഹനപാർക്കിങ്ങും കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട‌്. ഫുട‌്പാത്തിൽ അടക്കം വാഹനങ്ങൾ കയറ്റി പാർക്ക് ചെയ്യുന്നുണ്ട‌്. തോപ്പുംപടിയിൽ രണ്ട് സ‌്കൂളും കോളേജിലുമായി ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിക്കുന്നത്. തോപ്പുംപടിയിലെ ഗതാഗതക്രമീകരണം അവതാളത്തിലായതോടെ വിദ്യാർഥികൾ ദുരിതത്തിലാണ്. സ്വകാര്യ ബസുകളുടെ അമിതവേഗതയും വിനയാക്കുന്നു. നിലവിൽ വലിയ കണ്ടെയ്നർ ലോറികൾ അടക്കം തിരക്കേറിയസമയങ്ങളിൽ തോപ്പുംപടി ജങ്ഷനിൽ പ്രവേശിക്കാൻ പാടില്ല. പ്യാരി ജങ്ഷനിൽനിന്ന് തിരിഞ്ഞുപോകണം. ഇത് പ്രാവർത്തികമാകുന്നില്ല. ചരക്ക് ലോറികൾ അടക്കം ജങ്ഷനിലേക്ക് എത്തുമ്പോൾ ഗതാഗതകുരുക്കും രൂക്ഷമാണ്.


പ്രധാന വാർത്തകൾ
Top