14 December Friday

സിപിഐ എം ജനമുന്നേറ്റ ജാഥയ‌്ക്ക‌് 19ന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018


പെരുമ്പാവൂർ
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെയും കേരളത്തെ ഭ്രാന്താലയമാക്കുന്ന വർഗീയതയ‌്ക്കെതിരെയും സിപിഐ എം നേതൃത്വത്തിൽ മണ്ഡലം ജനമുന്നേറ്റ ജാഥ സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കുറുപ്പംപടിയിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. എൻ സി  മോഹനൻ ക്യാപ്റ്റനും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് വൈസ് ക്യാപ്റ്റനും സിപിഐ എം മണ്ഡലം സെക്രട്ടറി പി എം സലീം മാനേജരുമായിട്ടുള്ളതാണ‌് ജാഥ. 20ന് കുറുപ്പംപടി ലോക്കൽ അതിർത്തിയിലും 21ന് കൂവപ്പടി പഞ്ചായത്ത്, 22ന് ഒക്കൽ പഞ്ചായത്ത്, 23ന് വെങ്ങോല, 24ന് അറക്കപ്പടി, 25ന് അശമന്നൂർ, 26ന് വേങ്ങൂർ, 27ന് മുടക്കുഴ പഞ്ചായത്ത്, 28ന് കീഴില്ലം ലോക്കൽ അതിർത്തി എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം 29ന് പെരുമ്പാവൂർ നഗരസഭാ അതിർത്തിയിൽ പ്രവേശിക്കും. വൈകിട്ട് അഞ്ചിന് ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽനിന്ന‌് ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന സമാപന റാലി നടക്കും. സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. വാർത്താ സമ്മേളനത്തിൽ അഡ്വ. എൻ സി  മോഹനൻ, പി എം സലീം, ഡോ. പ്രിൻസി കുര്യാക്കോസ്, ആർ എം രാമചന്ദ്രൻ, കെ ഇ നൗഷാദ്, വി പി ഖാദർ എന്നിവർ പങ്കെടുത്തു.

കോലഞ്ചേരി
ജനവിരുദ്ധ നയങ്ങൾക്കെതിരെയും കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്ന വർഗീയതയ‌്ക്കെതിരെയും  സിപിഐ എം നേതൃത്വത്തിൽ ജനമുന്നേറ്റ ജാഥ സംഘടിപ്പിക്കും. സി ബി ദേവദർശനൻ ക്യാപ്റ്റനായ ജാഥ 20 മുതൽ 27വരെ കുന്നത്തുനാട് മണ്ഡലത്തിൽ പര്യടനം നടത്തും. 20ന് രാവിലെ ഒമ്പതിന് വളയൻചിറങ്ങരയിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനംചെയ്യും. മഴുവന്നൂർ പഞ്ചായത്തിൽ പര്യടനം നടത്തും. വൈകിട്ട് അഞ്ചിന് വലമ്പൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി കെ മണിശങ്കർ സംസാരിക്കും. 21ന് ഐക്കരനാട് പഞ്ചായത്തിൽ പെരുവുംമുഴിയിൽനിന്ന് തുടങ്ങി പാങ്കോട് സമാപിക്കും. സമാപന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രൻപിള്ള സംസാരിക്കും. 22ന് പൂതൃക്ക പഞ്ചായത്തിൽ കോലഞ്ചേരിയിൽനിന്ന് തുടങ്ങി കക്കാട്ടുപാറയിൽ സമാപിക്കും. ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജൻ സംസാരിക്കും. 23ന് തിരുവാണിയൂർ പഞ്ചായത്തിൽ മറ്റക്കുഴി പണിക്കരുപടിയിൽനിന്ന് തുടങ്ങി കൊച്ചങ്ങാടി ജങ‌്ഷനിൽ സമാപിക്കും. 24ന് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ വരിക്കോലിയിൽനിന്ന് തുടങ്ങി കുഴിക്കാട് സമാപിക്കും 25ന് കുന്നത്തുനാട്, പട്ടിമറ്റം ലോക്കലുകളിൽ പര്യടനം നടത്തും. പെരിങ്ങാലയിൽ ആരംഭിച്ച് കുമ്മനോട് ഭണ്ഡാരം കവലയിൽ സമാപിക്കും. 26ന് കിഴക്കമ്പലത്ത് നിന്ന് തുടങ്ങി മലയിടം തുരുത്തിലും 27ന് വാഴക്കുളം പഞ്ചായത്തിലെ നടക്കാവിൽനിന്ന് തുടങ്ങി മാവിൻ ചുവടും സമാപിക്കും.
 


പ്രധാന വാർത്തകൾ
Top