14 December Friday

ജിഎസ‌്ടി: അടുത്തവർഷം വളർച്ചാനിരക്ക‌് 20 ശതമാനമാകും

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018

തിരുവനന്തപുരം
 സംസ്ഥാനത്തിന്റെ ചരക്ക‌് സേവന നികുതി വരുമാന വളർച്ച അടുത്ത വർഷം 20 ശതമാനത്തിലേയ്ക്ക് ഉയരുമെന്ന‌് അനുമാനം. സംസ്ഥാനത്തെ ജിഎസ്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റേതാണ‌് വിലയിരുത്തൽ. ധനമന്ത്രി ടി എം തോമസ‌് ഐസക്കും പങ്കെടുത്തു. ഒക്ടോബറിൽ നികുതി വരുമാനം വർധിച്ചതിന്റെ പ്രതീക്ഷയിലാണ‌് അടുത്ത വർഷം നിർണായകമായ നികുതി വർധന അനുമാനിക്കുന്നത‌്. നികുതി റിട്ടേണുകളുടെ പരിശോധന കർശനമാക്കിയതോടെയാണ‌് വരുമാന വർധനയുണ്ടായത‌്. 

കേരളത്തിലെ വിപണിയിൽ വിൽക്കുന്ന ചരക്കുകളിൽ 70-മുതൽ 80 ശതമാനംവരെ മറ്റു സംസ്ഥാനങ്ങളിൽനിന്ന‌് വരുന്നവയാണ്. അവയുടെ നികുതി വരുമാനം നമുക്ക് കൃത്യമായി ലഭിക്കണമെങ്കിൽ ഇ–--വേബില്ലുകൾ അതായത് മറ്റു സംസ്ഥാനങ്ങളിൽനിന്ന് ചരക്ക് കൊണ്ടുവന്നതിന്റെ സാക്ഷ്യപത്രം എല്ലാവരും സമർപ്പിക്കണം. രാജ്യത്ത‌് ഏപ്രിൽ മുതലാണ് ഇ–--വേബിൽ സമ്പ്രദായം നടപ്പിലായത്. ആഗസ്ത‌്  വരെ മഹാഭൂരിപക്ഷം ചരക്ക് കടത്തുകാരും ഇ-–-വേബിൽ ഹാജരാക്കിയിരുന്നില്ല. ചെക്ക് പോസ്റ്റുകൾ ഇല്ലാതായതിനാൽ ഇ-–-വേബിൽ സമർപ്പിച്ചശേഷമാണോ വണ്ടികൾ കടന്നുപോകുന്നതെന്ന് ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ഞൂറോളം  ഉദ്യോഗസ്ഥരെ 190 സംഘങ്ങളായി അതിർത്തികളിൽ വിന്യസിപ്പിച്ച‌് നടത്തിയ ശ്രമത്തിന്റെ ഫലമായി സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ എണ്ണം വർധിച്ചു. നികുതി വരുമാനവും.

ആഗസ‌്തിൽ 1023264 ഇ-–-വേബില്ലുകളാണ‌് സമർപ്പിച്ചത‌്. സെപ്തംബറിൽ 1188304 ആയും ഒക്ടോബറിൽ 1232366 ആയും ഉയർന്നു. നവംബറിൽ ബിൽ സമർപ്പണം റെക്കോർഡാകുമെന്നാണ‌് വിലയിരുത്തൽ. പുറത്തുനിന്നുള്ള ചരക്കുകളിൽ ലഭ്യമാകുന്ന ഐജിഎസ‌് നികുതി ഒക്ടോബറിൽ കുത്തനെ ഉയർന്നു. നികുതി വകുപ്പ് സ്വീകരിച്ച നടപടികളാണ‌് നികുതി ഉയർത്തിയത‌്.

ജിഎസ്ടിയിലെ നികുതി വെട്ടിപ്പിനെക്കുറിച്ചും പരിശോധന നടന്നു. വലിയ തോതിൽ അനർഹമായ ഇൻപുട്ട് ക്രെഡിറ്റ് അധികമായി പല മേഖലകളിലെയും വ്യാപാരികൾ നടത്തുന്നതിന്റെ തെളിവുകൾ പരിശോധനകളിൽ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നികുതി ഉദ്യോഗസ്ഥരുമായി യോജിച്ചു പരിശോധനകൾ തുടരും.

മാർച്ച് അവസാനംതന്നെ അസസ‌്‌മെന്റുകൾ പൂർത്തീകരിച്ച് എല്ലാവർക്കും ഡിമാന്റ് നോട്ടീസ് നൽകാനാണ‌് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ബജറ്റിൽ സമഗ്രമായ ആംനസ്റ്റി പദ്ധതി കൊണ്ടുവരുമെന്ന‌് യോഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
Top