11 December Tuesday

തുണയായത‌് ഫിഷറീസ‌് വകുപ്പിന്റെ സമയോചിത ഇടപെടൽ : 13 മത്സ്യത്തൊഴിലാളികൾ സുരക്ഷിതരായി തീരത്തേക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018


തിരുവനന്തപുരം
സംസ്ഥാന ഫിഷറീസ‌് വകുപ്പിന്റെ സമയോചിത ഇടപെടലിൽ മലയാളികളുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ സുരക്ഷിതരായി തീരത്തേക്ക‌്.  ബോട്ടും തൊഴിലാളികളും ഉടൻ കൊച്ചിയിൽ എത്തും.  കരുംകുളത്തുള്ള അഞ്ച‌് പേരുൾപ്പെടെ 13 മത്സ്യത്തൊഴിലാളികളാണ‌് ബോട്ടിലുള്ളത‌്.
ബോട്ടും തൊഴിലാളികളും കടലിൽ കുടുങ്ങിയതായി അറിഞ്ഞയുടൻ സംസ്ഥാന ഫിഷറീസ‌് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യമാണ‌് തൊഴിലാളികളുടെ ജീവൻ രക്ഷിച്ചത‌്. സംസ്ഥാന സർക്കാരിന്റെ രക്ഷാദൗത്യത്തിനും സമയോചിത ഇടപെടലിനും തമിഴ‌്നാട്ടിലെ സൗത്ത‌് ഏഷ്യൻ ഫിഷർമെൻ ഫ്രെറ്റേണിറ്റി  മുഖ്യമന്ത്രിക്കും ഫിഷറീസ‌് മന്ത്രിക്കും നന്ദി അറിയിച്ചു.

എൻജിൻ തകരാറിനെ തുടർന്ന‌ാണ‌് കേരള തീരത്ത‌ുനിന്ന‌് 240 നോട്ടിക്കൽ മൈൽ അകലെ ബോട്ട‌് കടലിൽ കുടുങ്ങിയത‌്. അഴീത്തലയിലെ കോസ‌്റ്റൽ പൊലീസാണ‌് കോസ‌്റ്റൽ ഗാർഡിനെ സംഭവം അറിയിച്ചത‌്.  സംസ്ഥാന ഫിഷറീസ‌് വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാദൗത്യം ആരംഭിച്ചു. 12ന‌്കോസ‌്റ്റൽ ഗാർഡ‌് വിക്രം കപ്പലിന്റെ സഹായത്തോടെ ബോട്ട്  ലക്ഷദ്വീപിലെ മിത്രദ്വീപിന‌് അടുത്തെത്തിച്ചു. ഫിഷറീസ‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മയുടെ ഓഫീസ‌് രക്ഷാപ്രവർത്തനം  നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ‌്തു.

ലക്ഷദ്വീപ‌് ഫിഷറീസ‌് അധികൃതരുമായി തുടർച്ചയായി ബന്ധപ്പെട്ടു. ഇതേ തുടർന്ന‌് എല്ലാവിധ സഹായവും നൽകാമെന്ന‌് ലക്ഷദ്വീപ‌് ഫിഷറീസ‌് ഡയറക്ടർ ഉറപ്പ‌ുനൽകി. അടിയന്തരമായി ലക്ഷദ്വീപിലെ ഫിഷറീസ‌് ഉദ്യോഗസ്ഥർ ബോട്ട‌് നന്നാക്കുന്നതിനടക്കം തയ്യാറായി. മത്സ്യത്തൊഴിലാളികൾക്ക‌്  ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും നടപടി സ്വീകരിച്ചു. സ്വകാര്യ ബോട്ടിലാണ‌് കേടായ ബോട്ട‌് കെട്ടിവലിച്ച‌് കൊണ്ടുവരുന്നത‌്.

തമിഴ‌്നാട‌് രജിസ‌്ട്രേഷനുള്ളതാണ‌് കേടായ ബോട്ട‌്. ബോട്ടിൽ അഞ്ച‌് മലയാളികളും അഞ്ച‌് തമിഴ‌്നാട്ടുകാരും മൂന്ന‌് ആന്ധ്ര സ്വദേശികളാണുമുള്ളത‌്. തമിഴ‌്നാട‌് രജിസ‌്ട്രേഷൻ ബോട്ടായിട്ട‌് പോലും  തമിഴ‌്നാട‌് സർക്കാർ രക്ഷാപ്രവർത്തനത്തിന‌് ഒന്നും ചെയ‌്തിട്ടില്ല. ഈ സാഹചര്യത്തിൽ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇടപെട്ട സർക്കാരിനും കോസ‌്റ്റൽ, ഫിഷറീസ‌് ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ച‌് തമിഴ‌്നാട്ടിലെ മത്സ്യത്തൊഴിലാളി സംഘടന കത്തയച്ചു. സംഭവത്തിൽ ഫിഷറീസ‌് വകുപ്പ‌് ഇടപെട്ടില്ലെന്ന കുപ്രചാരണവും ഇതോടെ പൊളിഞ്ഞു.


പ്രധാന വാർത്തകൾ
Top