23 September Sunday

പത്തനംതിട്ടയിൽ ഒറ്റപ്പെട്ട്‌ ആയിരങ്ങൾ, സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു; കൂടുതൽ ബോട്ടുകൾ എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 16, 2018

പത്തനംതിട്ട> പത്തനംതിട്ടയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആയിരങ്ങളാണ്‌ കുടുങ്ങിക്കിടക്കുന്നത്‌. ഇവരെ  രക്ഷപ്പെടുത്താന്‍ നാവികസേന രംഗത്തിറങ്ങി. ഇവര്‍ക്കുപുറമെ പത്തനംതിട്ടയിലേക്ക് കൂടുതൽ എൻഡിആർഎഫ് സേനയെ വിന്യസിച്ചു. റാന്നി മുതല്‍ ആറന്മുള വരെ വെള്ളപ്പൊക്കം രൂക്ഷമാണ്. വീടുകളുടെ രണ്ടാം നിലയിലേക്കും വെള്ളം കയറി.  നീണ്ടകരയിൽ നിന്നുള്ള മത്സ്യ തൊഴിലാളി ബോട്ടുകളും ഫയർ ഫോഴ്‌സും പുലർച്ചെ മുതൽ രക്ഷ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.മൂന്ന്‌ ബോട്ടുകൾ എത്തിക്കഴിഞ്ഞു. ഏഴ് ബോട്ടുകൾകൂടി ഉടനെ എത്തും.

വെള്ളം കയറിതുടങ്ങിയേതോടെ വീടിന്റെ രണ്ടാം നിലയിലേക്ക്‌ കയറിയവർ അവിടെ കുടുങ്ങികിടക്കുകയാണ്‌. വൃദ്ധരും കുട്ടികളുമടങ്ങുന്ന നിരവധി പേരാണ്‌  രക്ഷക്കായി സഹായം അഭ്യർത്ഥിക്കുന്നത്‌.വിദേശത്തുള്ള പലരുടേയും വീടുകളിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമാണുള്ളത്‌.

അതേസമയം റാന്നിയിൽ വെള്ളം ര്ണ്ട്‌അടി താഴ്‌ന്നു.  കോഴഞ്ചേരിയിൽ വെള്ളം ഉയരുന്നില്ല ,തിരുവല്ല താലൂക്കിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

നേരം പുലര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ കഴിയുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു . ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി പത്തനംതിട്ടയിലെ വെള്ളമൊഴുക്ക് നിയന്ത്രിച്ചു തുടങ്ങി.  പമ്പ ഡാമിന്‍റെ ഷട്ടര്‍ 60 സെന്‍റിമീറ്റര്‍ താഴ്ത്തി. മൂഴിയാര്‍ ഡാമിന്‍റെ ഷട്ടര്‍ രണ്ടുമീറ്റില്‍ നിന്ന് ഒന്നാക്കി താഴ്ത്തിയിട്ടുണ്ട്.

പാങ്ങോട് മിലിട്ടറി ക്യാമ്പില്‍നിന്നുള്ള 30 അംഗ സേനയാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.
ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് സേനകളുമുണ്ട്.  ചെങ്ങന്നൂരില്‍ കോസ്റ്റ് ഗാര്‍ഡ് (20 പേര്‍) ,എന്‍ഡിആര്‍എഫ്  (30പേര്‍) ,ഫയര്‍ഫോഴ്‌സ് സംഘം , ഇന്‍ഡോ ടിബറ്റന്‍ ഫോഴ്‌സ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ കര്‍മ്മരംഗത്തുണ്ട്.  താലൂക്ക് ഓഫീസിലെയും വിവിധ വില്ലേജ് ഓഫീസുകളിലെയും ജീവനക്കാരും കണ്‍ട്രോള്‍ റൂമും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്.

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമാണ് കണ്‍ട്രോള്‍ റൂം. പത്തംതിട്ടയില്‍ 0468 2225001, 0468 2222001 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ചെങ്ങന്നൂരില്‍ 0479 2456094 എന്ന നമ്പറിലും ബന്ധപ്പെടാം.
 

പ്രധാന വാർത്തകൾ
Top