16 November Friday

സ്‌മാര്‍ട്ടായി പൊതുവിദ്യാലയങ്ങള്‍; 40083 ഹൈടെക്ക് ക്ലാസ് മുറികള്‍

സ്വന്തം ലേഖകന്‍Updated: Monday Jul 16, 2018

തിരുവനന്തപുരം > സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളിലെ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 40083 ക്ലാസ്‌മു‌‌‌റികളില്‍ ലാപ്‌ടോപ്പ്, പ്രൊജക്‌‌‌ടര്‍, മൗണ്ടിങ് കിറ്റ്, യുഎസ്ബി. സ്‌‌‌പീക്കര്‍ എന്നിവയുടെ വിതരണം കേരള ഇന്‍ഫ്രാസ്‌‌‌ട്രക്‌‌‌ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. 

സ്‌‌‌‌‌‌കൂള്‍ ലാബുകളിലേക്ക്  16,500 ലാപ്‌ടോപ്പുകള്‍ അധികമായി അനുവദിച്ചു. ഇവയുടെ വിതരണവും ഒരാഴ്ചയ്‌‌‌ക്കകം പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ഈ മാസംതന്നെ സംസ്ഥാനത്തെ എട്ടുമുതല്‍ 12 വരെ ക്ലാസുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹൈടെക് ക്ലാസ് റൂം സംവിധാനം ഉപയോഗിക്കാനാകും.

സര്‍ക്കാര്‍ - എയ്‌‌ഡഡ് മേഖലകളിലെ ഹൈസ്‌‌‌‌‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ആകെയുള്ള  4,752 സ്‌കൂളുകളില്‍ 3676 സ്‌കൂളുകളിലും എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി.

702 സ്‌‌‌‌കൂളുകളില്‍ 70 ശതമാനം  ക്ലാസ് മുറികള്‍ ഹൈടെക്കായപ്പോള്‍ 315 സ്‌‌കൂളുകളില്‍ 50 ശതമാനത്തില്‍   താഴെയേ ഹൈടെക്  ക്ലാസ് മുറികളെ  ഹൈടെക്കായിട്ടുള്ളു. ഏറ്റവും കൂടുതല്‍ ഹൈടെക് ക്ലാസ് മുറികള്‍ മലപ്പുറം ജില്ലയിലാണ് 5,096 എണ്ണം. കോഴിക്കോട് 4,105, തൃശൂര്‍ 3,497 രണ്ടും മൂന്നും സ്ഥാനങ്ങളില്‍.  59 സ്‌കൂളുകളില്‍ ഒരു ക്ലാസ് മുറിയും (ആകെ 439 ക്ലാസ്മുറികള്‍) ഹൈടെക്കായിട്ടില്ല. 

ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിക്കാനാവശ്യമായ  നിര്‍മാണപ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാകാത്തതാണ് കാരണം . കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഹൈടെക് ഉപകരണങ്ങളെത്തും.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top