11 December Tuesday

സംസ്ഥാനത്ത്‌ നാളെ ശക്തമായ കാറ്റിന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറിൽ 30 മുതൽ 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാറ്റിന്റെ തീവ്രത മണിക്കൂറിൽ 50 കി.മീ. വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശനിയാഴ്‌ചയും ഇതേ തീവ്രതയോടെ (മണിക്കൂറിൽ 30 കി.മീ. മുതൽ 40 കി.മീ. വരെ വേഗത) തെക്ക് കിഴക്കൻ അറബിക്കടലിലും കേരള തീരത്തും ശക്തമായ കാറ്റ് തുടരാനുള്ള സാധ്യതയുണ്ട്‌. ഈ സാഹചര്യത്തിൽ ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും, പോലീസ്, ഫയർ ഫോഴ്സ് എന്നിവർക്ക്‌ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌. ശക്തമായ കാറ്റിൽ മരം വീഴുവാനും, വൈദ്യുതി തടസം നേരിടുവാനും സാധ്യതയുള്ളതിനാൽ കെഎസ്‌ഇബിക്കും സജ്ജരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌.

പൊതുജനങ്ങൾ വാഹനങ്ങൾ മരങ്ങളുടെ കീഴിൽ പാർക്ക് ചെയ്യാതെയിരിക്കുവാനും, ബലഹീനമായ വൈദ്യുത പോസ്റ്റുകളുടെയും കെട്ടിടങ്ങളുടെയും ചുവട്ടിൽ നിന്ന് മാറി നിൽക്കുവാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top