Top
17
Sunday, December 2017
About UsE-Paper

വികസന വിരുദ്ധരോട് സന്ധിയില്ല: മുഖ്യമന്ത്രി

Wednesday Nov 15, 2017
സ്വന്തം ലേഖിക

കോഴിക്കോട് > നാടിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന വികസന വിരുദ്ധരോട് സന്ധിചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുപ്പ് നടത്താനാണ് ഇത്തരക്കാരുടെ ശ്രമം. വികസന പദ്ധതികളെ എതിര്‍ക്കുന്നവര്‍ക്ക് വഴങ്ങുക എന്നത് ഇനി നടക്കാന്‍ പോകുന്നില്ല. നഗരപാത വികസന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ നവീകരിച്ച ആറ് റോഡുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികം. ചിലപ്പോള്‍ വ്യക്തികള്‍ക്ക്  നഷ്ടങ്ങളും ആശങ്കകളും ഉണ്ടാകും. അത് പരിഹരിച്ച് എല്ലാ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കും. അതിന് വലിയ പ്രാധാന്യമാണ് നല്‍കുക. വിമര്‍ശനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി പരിഹരിക്കും. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ അസത്യ പ്രചാരണം നടത്തി പദ്ധതികളെ തടയാനാകുമോ എന്നാണ് നോക്കുന്നത്. ഇനി അത് കണ്ടുനില്‍ക്കാനാവില്ല.

നാടിന്റെ പുരോഗതി ഒഴിച്ചുകൂടാനാവാത്തതാണ്. ചിലര്‍ക്ക് വ്യക്തിതാല്‍പ്പര്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതിനേക്കാളേറെ പൊതുതാല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് കാണാനാവണം. റോഡ് വികസനം നടപ്പാക്കുമ്പോള്‍ ചിലര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാവാം. അത് നാടിന്റെ വികസനത്തിനാണെന്ന് മനസ്സിലാക്കാനുള്ള സംസ്കാരം വളരണം. സ്വാര്‍ഥതാല്‍പ്പര്യത്തിനായി ചിലര്‍ പദ്ധതികള്‍ മുടക്കുന്ന സംഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് മുന്നോട്ടുള്ള പ്രവര്‍ത്തനം. ഇനി അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. 

അടുത്ത 15 വര്‍ഷത്തെ വാഹനപ്പെരുപ്പം മുന്നില്‍ കണ്ടാണ് റോഡ് വികസനം നടപ്പാക്കുന്നത്. വാഹനങ്ങളുടെ എണ്ണം റോഡിന് താങ്ങാനാവാതായി. എന്നാല്‍ ഇതനുസരിച്ച് റോഡ് വികസിക്കുന്നില്ല. ഇത് ഗതാഗതക്കുരുക്കും സമയനഷ്ടവും അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. മിക്ക നഗരങ്ങളിലും റോഡിന് വീതിയില്ല. പ്രധാന നഗരങ്ങളിലെ റോഡുകള്‍ എല്ലാം വികസിപ്പിക്കേണ്ടതുണ്ട്.  റോഡ് വികസനമുള്‍പ്പെടെ എല്ലാഭാഗത്തും അടിസ്ഥാന സൌകര്യ വികസനത്തിന് പ്രാധാന്യം നല്‍കും. നഗരപാതാ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.