20 November Tuesday

പി കൃഷ്ണപിള്ള ദിനം സമുചിതം ആചരിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018


പി കൃഷ്ണപിള്ള ദിനം 19ന് സമുചിതമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 70 വർഷം തികയുകയാണ‌്. 1937ൽ കോഴിക്കോട്ട‌് രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി യൂണിറ്റിന്റെ സെക്രട്ടറിയായ കൃഷ‌്ണപിള്ള ദേശീയ പ്രസ്ഥാനത്തിൽ നേതൃപരമായ പങ്കുവഹിച്ചു. രാഷ്ട്രീയപോരാട്ടങ്ങൾക്ക് എന്നും ഊർജസ്രോതസ്സായ സഖാവിന്റെ  സ്മരണ, മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന കേന്ദ്രസർക്കാരിനെതിരായ ബഹുജനമുന്നേറ്റത്തെ ശക്തിപ്പെടുത്തും. ജനപക്ഷ ബദലുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ മാതൃകാഭരണം കാഴ്ചവയ്ക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കൂടുതൽ  കരുത്തുറ്റതാക്കാനും ബഹുജന പിന്തുണയാർജിക്കാനും  അദ്ദേഹത്തിന്റെ സ്മരണ കരുത്താകും. ജനങ്ങൾക്ക് കഷ്ടനഷ്ടമുണ്ടാകുന്ന അവസരങ്ങളിലെല്ലാം  കണ്ണീരൊപ്പാൻ ത്യാഗപൂർണമായ പ്രവർത്തനമാണ് കൃഷ്ണപിള്ളയും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നിർവഹിച്ചത്.  ആ പാരമ്പര്യം ഉയർത്തിപ്പിടിച്ച് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തകരും ബഹുജനങ്ങളും പങ്കാളികളാകണം. സാന്ത്വനപരിചരണ ദിനമായ 19ന് നേതാക്കളും പ്രവർത്തകരും കിടപ്പുരോഗികളെ  സന്ദർശിക്കാനും സഹായങ്ങൾ നൽകാനും തയ്യാറാകണം.

പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണസമ്മേളനം ചേർന്നും കൃഷ്ണപിള്ളദിനം വിജയിപ്പിക്കാൻ സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.

പ്രധാന വാർത്തകൾ
Top