21 September Friday

ഹയർ സെക്കൻഡറി പ്രവേശനം :ചില മാനേജുമെന്റുകളുടെ കൊള്ളയ‌്ക്കെതിരെ നടപടി വേണം: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018


തിരുവനന്തപുരം
സംസ്ഥാനത്തെ ചില  എയ‌്ഡഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലെ മാനേജ‌്മെന്റ‌് സീറ്റുകളിൽ വൻ തുക വാങ്ങി പ്രവേശനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ എംഎൽഎ പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ‌്കൂളുകളിലെ ഒന്നാംവർഷ പ്രവേശന നടപടികൾ പൂർത്തിയാകുകയാണ‌്. 844 സർക്കാർ ഹയർ സെക്കൻഡറി സ‌്കൂളുകളും വിവിധ വിഭാഗത്തിൽപെട്ട 859 എയ‌്ഡഡ‌് മാനേജ‌്മെന്റ‌് സ‌്കൂളുകളും  നാനൂറോളം അൺഎയ‌്ഡഡ‌് സ‌്കൂളുകളും പ്രവർത്തിക്കുന്നുണ്ട‌്.

അധ്യാപകർക്കും  ജീവനക്കാർക്കും ഖജനാവിൽനിന്ന‌് ശമ്പളം  നൽകുന്ന സർക്കാർ, എയ‌്ഡഡ‌്  ഹയർ സെക്കൻഡറി ‌സ‌്കൂളകളിലായി 2822  ബാച്ചുകളിലായി മെറിറ്റിന്റെയും യോഗ്യതയുടെയും സംവരണത്തിന്റെയും അടിസ്ഥാനത്തിൽ 1, 54, 626 കുട്ടികൾക്ക‌് പ്രവേശനം നൽകുമ്പോൾ എയ‌്ഡഡ‌് വിഭാഗത്തിൽ 3334 ബാച്ചുകളിലായി 1, 76, 798 കുട്ടികൾക്ക‌് പ്രവേശനം ലഭിക്കും. എയ‌്ഡഡ‌്  സ‌്കൂളുകളിൽ ചില വിഭാഗങ്ങൾക്ക‌് 20  മുതൽ 30 ശതമാനം സീറ്റുകളും മാനേജ‌്മെന്റിന്റെ ഇഷ്ടപ്രകാരം പ്രവേശനം നൽകാം.

എൻഎസ‌്എസ‌്, എസ‌്എൻഡിപി,  ക്രിസ‌്ത്യൻ﹣ മുസ്ലിം ന്യുനപക്ഷ മാനേജ‌്മെന്റുകൾ എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങൾ മാനേജ‌്മെന്റ‌് സീറ്റുകളിലെ പ്രവേശനത്തിന‌്  മാനദണ്ഡവും മിതത്വവും പാലിക്കുമ്പോൾ ചില സിംഗിൾ മാനേജ‌്മെന്റ‌് ‌‌/ ട്രസ്റ്റ‌് മാനേജ‌്മെന്റുകൾ  വിദ്യാർഥികളെ കൊള്ളയടിക്കുകയാണ‌്. 30000 മുതൽ 50000 വരെ കുട്ടികളിൽനിന്ന‌് വാങ്ങുന്നതായി  മട്ടന്നൂർ നിയോജകമണ്ഡലത്തിലെ ചില സ‌്കൂളുകളിൽ പ്രവേശനത്തിനുപോയ രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരിക്കുകയാണ‌്.  അതേ സ‌്കൂളിൽ പഠിച്ച‌്  വിജയിച്ച  വിദ്യാർഥികളിൽനിന്നുപോലും വൻതുക  വാങ്ങുകയാണ‌്. 

ഹയർ സെക്കൻഡറിവരെ പൂർണമായും സൗജന്യവിദ്യാഭ്യാസം നൽകുമെന്ന എൽഡിഎഫ‌് സർക്കാരിന്റെ പ്രഖ്യാപിതനയത്തെയാണ‌് ഇക്കൂട്ടർ വെല്ലുവിളിക്കുന്നത‌്. എൽഡിഎഫ‌് സർക്കാരിന്റെ  പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ തകർക്കാനുള്ള ആസൂത്രിതനീക്കമാണ‌് ഇവർ നടത്തുന്നത‌്. ഹയർ സെക്കൻഡറി പ്രവേശനത്തിന‌് വിദ്യാർഥികളിൽനിന്ന‌് പണം ഈടാക്കുന്ന ഇത്തരം മാനേജുമെന്റുകളെ നിലയ‌്ക്ക‌് നിർത്താൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും വിദ്യാർഥിസംഘടനകൾ വിഷയം ഏറ്റെടുക്കണമെന്നും ഇ പി ജയരാജൻ എംഎൽഎ പ്രസ‌്താവനയിൽ അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top