21 May Monday

റോ റോ സർവീസ‌് പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018


കൊച്ചി
വൈപ്പിൻ, ഫോർട്ട‌് കൊച്ചി നിവാസികൾക്ക‌് ആശ്വാസമായി റോ  റോ സർവീസ‌് പുനരാരംഭിച്ചു. തിങ്കളാഴ‌്ച രാവിലെ ഒമ്പതിന‌് ഫോർട്ട‌്കൊച്ചിയിൽ നിന്നായിരുന്നു ആദ്യ ട്രിപ്പ‌്. ഉച്ചഭക്ഷണത്തിന‌് ഒരുമണിക്കൂർ ഇടവേള ഒഴികെ വൈകിട്ട് ആറുവരെയായിരുന്നു സർവീസ്. 32 പ്രാവശ്യം ഇരുവശത്തേക്കുമായി സർവീസ‌് നടത്തി ഫോർട്ട‌്കൊച്ചിയിൽ ട്രിപ്പ് അവസാനിച്ചു. ഒരു വെസൽ മാത്രമാണ് തിങ്കളാഴ‌്ച സർവീസിനുണ്ടായിരുന്നത്. കോർപറേഷന്റെ ഫോർട്ട് ക്വീൻ ബോട്ടും മുടക്കമില്ലാതെ സർവീസ് നടത്തിയതിനാൽ യാത്രക്കാർ  വലഞ്ഞില്ല. ഉദ്ഘാടനദിവസം റോ റോ വെസൽ ഓടിച്ച ഫസ്റ്റ് ക്ലാസ് മാസ്റ്റർ വിൻസന്റ് സർവീസിന് നേതൃത്വം നൽകി.

വൈകിട്ട‌് ആറിനുശേഷം റോ റോ വെസലിന് പകരം ജങ്കാർ ഓടിക്കാമെന്ന് ആദ്യം അറിയിച്ചെങ്കിലും പ്രായോഗിക തടസ്സം ഉള്ളതിനാൽ അതുണ്ടാകില്ലെന്ന് കെഎസ്‌ഐഎൻസി കൊമേഴ്സ്യൽ മാനേജർ സിറിൽ എബ്രഹാം പറഞ്ഞു.  ഞായറാഴ്ച്ച സർവീസ് ഉണ്ടാകില്ല. ജെട്ടിയിലെ ഡോൾഫിൻസംവിധാനം ശരിയാകാത്തതിനാൽ കൂടുതൽ തവണ ട്രിപ്പ‌് നടത്താൻ സാധിക്കുന്നില്ല. കൂടുതൽ തവണ സർവീസ‌് നടത്തിയാൽ മാത്രമെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളു. വരും ദിവസങ്ങളിൽ സർവീസ‌് സംബന്ധിച്ച കണക്കുകൾ പരിശോധിച്ച‌് വിലയിരുത്തുമെന്നും സിറിൽ പറഞ്ഞു.

രണ്ടാമത്തെ റോ റോ വെസൽ പരിശീലനം പരിചയസമ്പന്നനായ മറ്റൊരു ഫസ്റ്റ് ക്ലാസ് മാസ്റ്ററെ ഏൽപ്പിക്കാനുള്ള ശ്രമത്തിലാണ് കെഎസ്‌ഐഎൻസി. ആൻഡമാനിലും ഗോവയിലും മുംബൈയിലുമുള്ള മൂന്നുപേരെ ഇതിനായി സമീപിച്ചിട്ടുണ്ട്. ഇവരിലാരെങ്കിലും സമ്മതം അറിയിക്കുന്ന മുറയ്ക്ക് പരിശീലനം തടരും. ഇതിനു മുന്നോടിയായി രണ്ടാമത്തെ റോ റോ വെസലിന്റെ സർവേ പൂർത്തീകരിച്ച് കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ലൈസൻസ് എടുക്കണം. നടപടികൾ  പൂർത്തിയാക്കി അടുത്തയാഴ്ച്ചയോടെ പരിശീലനം തുടങ്ങുമെന്നും കെഎസ്‌ഐഎൻസി പറഞ്ഞു.

ഏപ്രിൽ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്ത റോ റോ അന്നുതന്നെ സർവീസ് നിർത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. മുന്നൊരുക്കങ്ങളില്ലാതെ കോർപറേഷൻ ഭരണനേതൃത്വം തിരക്കിട്ട് ഉദ്‌ഘാടനം നടത്തിയതാണ‌് വിവാദ കാരണം.

പ്രധാന വാർത്തകൾ
Top