22 July Sunday

സ്മാർട്ടായി ക്ലാസ്മുറികൾ

ടി ഹരിUpdated: Tuesday May 15, 2018

സെന്റ് ആന്റണീസ് സ്കൂളിലെ ഹൈടെക് ക്ലാസ്മുറിയിൽ ക്ലാസെടുക്കുന്നതിനെക്കുറിച്ച് പ്രഥമാധ്യാപിക മിന്നി ലൂക്ക് വിശദീകരിക്കുന്നു



ആലപ്പുഴ
പുതിയ അധ്യായനവർഷത്തിൽ സ്കൂളുകളിൽ വിദ്യാർഥികളെ വരവേൽക്കുന്നതിന് ഹൈടെക് ക്ലാസ്മുറികൾ ഒരുങ്ങി. സർക്കാരിന്റെ നവകേരള മിഷനിൽ ഒന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസമേഖലയിലെ അടിമുടിമാറ്റത്തിന് സർക്കാർ തുടക്കമിട്ടത്. സ്കൂളുകളിലെ അക്കാദമിക മികവ് അന്താരാഷ്ട്രനിലവാരത്തിൽ എത്തിക്കുന്നതിനായുള്ള പൊതുസംരക്ഷണയജ്ഞം ലക്ഷ്യത്തിലെത്തിക്കുന്നതാണ് ജില്ലയിലെ സ്കൂളുകളിലെ അടിമുടിമാറ്റം. 

സർക്കാർ‐ എയ്ഡഡ് സ്കൂളുകളിലെ ക്ലാസ്മുറികളാണ് അന്തരാഷ്ട്രനിലവാരത്തിലേക്കുയർത്തുന്നത്. ഒരുഹൈടെക് ക്ലാസ്മുറി തയാറാക്കുന്നതിന് ഒരുലക്ഷം രൂപയാണ് ചെലവ്. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ എട്ടുമുതൽ പ്ലസ്ടുവരെയുള്ള 2819 ക്ലാസ്മുറികളിൽ 2182 എണ്ണം ഹൈടെക് ക്ലാസ് മുറികളാക്കി. പഠനം എളുപ്പത്തിലാക്കുകയെന്ന ലക്ഷ്യമാണ് ഹൈടെക് ക്ലാസ്മുറികൾ ലക്ഷ്യമിടുന്നത്. 78 ശതമാനം ക്ലാസ്മുറികളും ഹൈടെക്കായി. അധ്യായനം ആരംഭിക്കുന്നതോടെ ജില്ലയിലെ എട്ടു മുതൽ 12‐ാംക്ലാസ് വരെയുള്ള ക്ലാസ്മുറികൾ പൂർണമായി ഹൈടെക്ക് സംവിധാനത്തിലാകും. ഹൈടെക് ക്ലാസ് മുറികളൊരുക്കുന്നതിനുള്ള പരിശീലനം ജില്ലാ വിദ്യാഭ്യാസ അധികൃതർ സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്. കൂടാതെ ദൃശ്യങ്ങളും എല്ലാ സ്കൂളുകൾക്കും നൽകി. അധ്യാനവർഷത്തോടെ എല്ലാ ക്ലാസ്മുറികളും ഹൈടെക്ക് സംവിധാനത്തിലാകണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശമെങ്കിലും എയ്ഡഡ് മേഖലയിൽ ഭൂരിപക്ഷം സ്കൂളുകളിലും ഇതിനോടകം ഹൈടെക് ക്ലാസ്മുറികൾ സജ്ജീകരിച്ചു കഴിഞ്ഞു.

66 സർക്കാർ സ്കൂളുകളിൽ 50 സ്കൂളുകളും 47 ഹയർസെക്കൻഡറിയിൽ 36ഉം 14 വിഎച്ച്എസ്എസിൽ ഏഴും സ്കൂളുകൾ ഹൈടെക്കാകും. 127 എയ്ഡഡ് സ്കൂളുകളിൽ 62 സ്കൂളുകളും ഹൈടെക്കായിമാറും. 64 ഹയർ സെക്കൻഡറിയിൽ 52ഉം ഏഴ് വിഎച്ച്എസ്എസിൽ നാലും സ്കൂളുകൾ ഹൈടെക്കാകും. സർക്കാർ മേഖലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ 466 ക്ലാസുകളും ഹയർ സെക്കൻഡറിയിൽ 285 ക്ലാസുകളും വിഎച്ച്എസ്എസിൽ 62 ക്ലാസ്മുറികളുമാണ് ഹൈടെക്കാകുക. എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ 967 ക്ലാസുകളും ഹയർ സെക്കൻഡറിയിൽ 518 കാസുകളും വിഎച്ച്എസ്എസ് വിഭാഗത്തിൽ 32 ക്ലാസുകളുമാണ് ഹൈടെക്കാകുന്നത്.

ഇരുവിഭാഗങ്ങളിലുമായി 193 സ്കൂളുകളാണ് ജില്ലയിലുള്ളത്. ഹൈടെക് ക്ലാസ്മുറികളൊരുക്കാൻ ആവശ്യമായ ഉപകരണങ്ങൾ എല്ലാ സ്കൂളുകളിലും എത്തിച്ചു. പ്രൊജക്ടർ, ലാപ്ടോപ്, ബ്രോഡ്ബാൻഡ് കണക്ഷൻ, സ്ക്രീൻ തുടങ്ങിയവ സ്കൂൾ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ നിയോജകമണ്ഡലത്തിലെ സർക്കാർ‐ എയ്ഡഡ് സ്കൂളുകളിലെ ക്ലാസ് മുറികൾ പൂർണമായും ഹൈടെക്കാക്കിയിട്ടുണ്ട്്. അരൂരിൽ 89.49 ശതമാനവും ചേർത്തലയിൽ 85. 94ഉം അമ്പലപ്പുഴയിൽ 79. 85ഉം ഹരിപ്പാട് 62. 21ഉം കായംകുളത്ത് 52. 63ഉം കുട്ടനാട് 82. 87 ശതമാനവും ക്ലാസ്മുറികൾ ഹൈടെക്കായി. മാവേലിക്കര 62.67 ഉം ചെങ്ങന്നൂർ 82.74 ശതമാനം ക്ലാസ് മുറികളും ഈ അധ്യായനവർഷം ആരംഭത്തിൽ ഹൈടെക്കാകും.

പ്രധാന വാർത്തകൾ
Top