18 October Thursday

റെയിൽവേ എഴുത്തുപരീക്ഷ: മലയാളത്തെ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


തിരുവനന്തപുരം > റെയിൽവേ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയിൽനിന്ന് മലയാളത്തെ ഒഴിവാക്കിയതിൽ വ്യാപകപ്രതിഷേധം. ഓരോ സംസ്ഥാനത്തുനിന്നും അപേക്ഷിക്കുന്നവർക്ക് അവരവരുടെ ഭാഷയിൽ പരീക്ഷ എഴുതാൻ അവസരം നൽകിയപ്പോഴാണ് മലയാളത്തെമാത്രം ഒഴിവാക്കിയത്.

ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകൾക്കുപുറമെയാണ് അതത് പ്രദേശത്തുള്ളവർക്ക് മാതൃഭാഷയിൽ പരീക്ഷ എഴുതാൻ അവസരം നൽകിയത്. കന്നട, തമിഴ്, തെലുങ്ക്, മറാത്തി, കൊങ്കണി ഭാഷകളിൽ പരീക്ഷ എഴുതാൻ അവസരമുണ്ട്.

റെയിൽവേയുടെ വിജ്ഞാപനപ്രകാരം മറ്റു പ്രാദേശിക ഭാഷകളിലെല്ലാം പരീക്ഷ എഴുതാൻ അവസരം നൽകിയപ്പോൾ മലയാളത്തെമാത്രം ഒഴിവാക്കി.
വിജ്ഞാപനത്തിലുള്ളത് 62,907 ഒഴിവാണ്. ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിൽമാത്രം 2979 ഒഴിവുണ്ട്. ട്രാക്ക്മാൻ, ഗേറ്റ്മാൻ, പോയിന്റ്സ്മാൻ, ഹെൽപ്പർ, പോർട്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

മലയാളത്തെ ഒഴിവാക്കിയതിനെതിരെ കേരളത്തിൽനിന്നുള്ള ഇടതുപക്ഷ എംപിമാർ റെയിൽവേയെ പ്രതിഷേധം അറിയിച്ചു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജനസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. മലയാളത്തെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഡിആർഇയു ഡിവിഷണൽ സെക്രട്ടറി കെ എം അനിൽകുമാർ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top