18 October Thursday

കെഎസ്ആർടിസി പെൻഷൻ സഹ. സംഘങ്ങളിൽനിന്ന് ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാൾ പിന്തുണ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018



തിരുവനന്തപുരം > കെഎസ്ആർടിസി പെൻഷന് ആവശ്യമായ തുക സമാഹരിക്കാനുള്ള തീരുമാനത്തിന് പ്രതീക്ഷിച്ചതിനേക്കാൾ പിന്തുണയാണ് പ്രാഥമിക സഹകരണസംഘങ്ങളിൽനിന്ന് ലഭിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണവകുപ്പ് സമാഹരിക്കാൻ ഉദ്ദേശിച്ചതിന്റെ ഇരട്ടിയോളം തുക നൽകാൻ സംഘങ്ങൾ സന്നദ്ധമായി. 198 സംഘങ്ങൾ സ്വമേധയാ പണം നൽകി.

ആദ്യഘട്ടം ഇത്രയും തുക ആവശ്യമില്ലാത്തതിനാൽ നാലു ജില്ലയിലെ 24 സംഘത്തിൽനിന്നു മാത്രം പണം സമാഹരിക്കാൻ പ്രാഥമിക സംഘങ്ങളുടെ ഭാരവാഹി യോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ 14 സംഘത്തിൽനിന്നായി 140 കോടി രൂപയും എറണാകുളം ജില്ലയിലെ നാലു സംഘത്തിൽനിന്ന് 50 കോടി രൂപയും പാലക്കാട് ജില്ലയിലെ മൂന്ന് സംഘത്തിൽനിന്ന് 30 കോടി രൂപയും തിരുവനന്തപുരം ജില്ലയിലെ മൂന്നു സംഘത്തിൽനിന്ന് 30 കോടി രൂപയുമാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുക.

ആകെ 250 കോടി രൂപയാണ് കൺസോർഷ്യം ആദ്യം സമാഹരിക്കുന്നത്. കുടിശ്ശിക സഹിതമുള്ള പെൻഷൻ നൽകാൻ 219 കോടി രൂപയാണ് ഈ മാസം വേണ്ടത്. തുടർമാസങ്ങളിൽ കൃത്യമായി തുക സഹകരണ ബാങ്കുകളിലെ പെൻഷൻകാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കും. സംസ്ഥാനത്താകെ 39,045 പെൻഷൻകാരാണുള്ളത്.
യോഗത്തിൽ സഹകരണവകുപ്പ് സെക്രട്ടറി പി വേണുഗോപാൽ, സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി സജിത് ബാബു, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടർ ഇ ദേവദാസ്, 14 ജില്ലയിലെ ജോയിന്റ് രജിസ്ട്രാർമാരും ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർമാരും, പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രസിഡന്റുമാർ, ചീഫ് എക്സിക്യൂട്ടീവുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top