Top
24
Friday, November 2017
About UsE-Paper

ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം സമാപിച്ചു

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

പിറവം > കേരള സംഗീത നാടക അക്കാദമി രാമമംഗലത്ത് സംഘടിപ്പിച്ച  ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന്റെ സമാപനദിവസം വയലിനില്‍ രാഗവിസ്മയംതീര്‍ത്ത് ആര്യദത്തയും പ്രിയദത്തയും സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്നു. രാമക്കല്‍മേട് കലൈനാഥ് മൃദംഗത്തിലും ഹരികൃഷ്ണന്‍ ചെട്ട്യാര്‍ ഘടത്തിലും അകമ്പടിസേവിച്ചു. തു.  നേരത്തെ 'കേരളീയ ക്ഷേത്രാനുഷ്ഠാന കലകളിലേയും കര്‍ണാടക സംഗീതത്തിലേയും താളപദ്ധതികള്‍'’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ നടന്നു.  പ്രൊഫ. ജോര്‍ജ് എസ് പോള്‍ മോഡറേറ്ററായ സെമിനാറില്‍, ആലപ്പുഴ ജി ചന്ദ്രശേഖരന്‍നായര്‍, ഊരമന രാജേന്ദ്രമാരാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് യുവകലാകാരന്മാര്‍ അണിനിരന്ന സംഗീതാര്‍ച്ചനയും നടന്നു. 

സമാപനസമ്മേളനം സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത്ത് സുരേന്ദ്രന്‍,  പി പി സുരേഷ്കുമാര്‍, പി സി ജോയി എന്നിവര്‍ സംസാരിച്ചു. കലാസമിതി പ്രസിഡന്റ് പ്രൊഫ. ജോര്‍ജ് എസ് പോള്‍ സ്വാഗതവും സെക്രട്ടറി പി പി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രചിതാ രവിയുടെ മോഹിനിയാട്ടം അരങ്ങേറി. പ്രണവം ശങ്കരന്‍ നമ്പൂതിരി (കര്‍ണാടകസംഗീതം), കോട്ടയ്ക്കല്‍ മധു (കഥകളിസംഗീതം),  ഇടപ്പള്ളി അജിത്ത്കുമാര്‍ (വയലിന്‍), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), കലാമണ്ഡലം ശങ്കരവാര്യര്‍ (മദ്ദളം), തൃപ്പൂണിത്തുറ കൃഷ്ണദാസ് (ഇടയ്ക്ക) എന്നിവര്‍ചേര്‍ന്ന് നടത്തിയ സംഗീതസമന്വയത്തോടെ സംഗീതോത്സവത്തിന് തിരശ്ശീലവീണു.