20 June Wednesday

ഗൃഹനാഥന്റെ ദുരൂഹമരണം : സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

അമ്പലപ്പുഴ > അപകടം നടന്ന സ്ഥലത്തുനിന്ന് 15 കിലോമീറ്റര്‍ ദൂരെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദേശീയപാതയ്ക്കരികിലെ സ്ഥാപനങ്ങളുടെ നിരീക്ഷണക്യാമറകള്‍ പൊലീസ് പരിശോധിക്കും. കലവൂര്‍ സ്വദേശി സുനിലിന്റെ മൃതദേഹമാണ് അപകടം നടന്ന തോട്ടപ്പള്ളി മാത്തേരിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കളര്‍കോട് ചിന്മയ സ്കൂളിന് സമീപം കണ്ടെത്തിയത്.

അപകടസ്ഥലത്തിന് അധികം അകലെയല്ലാതെ പുത്തന്‍നട, കോമന ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകളുണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. ഈ സാഹചര്യത്തിലാണ് ഹരിപ്പാടിന് സമീപത്തെ താമല്ലാക്കല്‍, നഗരപരിസരം, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടേ ഇദ്ദേഹത്തെ തോട്ടപ്പള്ളി മാത്തേരി ജങ്ഷന് വടക്ക് ഉരിയരി ഉണ്ണിത്തേവര്‍ ക്ഷേത്രത്തിന് സമീപം ദേശീയപാതയ്ക്ക് പടിഞ്ഞാറുഭാഗത്തായി അജ്ഞാത വാഹനമിടിച്ചത്. ഈ സമയം തൊട്ടുപിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികന്‍ അപകടവിവരം സമീപത്തെ ചായക്കടക്കാരന്‍ കബീറിനെ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ഒരാള്‍ റോഡില്‍ കിടക്കുന്നതായി കബീര്‍ അമ്പലപ്പുഴ പൊലീസില്‍ അറിയിച്ചു.  മറ്റേതെങ്കിലും വാഹനയാത്രക്കാരോ ഇദ്ദേഹത്തെ രക്ഷപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആശുപത്രിയിലെത്തിക്കുന്ന വഴിക്ക് മരണം സംഭവിച്ചതിനാല്‍ വഴിയില്‍ ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്. മൃതദേഹം വാഹനത്തില്‍ കുരുങ്ങിയതാണെങ്കില്‍ അത് സംബന്ധിച്ച തെളിവുകള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അപകടത്തെ തുടര്‍ന്ന് സുനിലിന്റെ വലതുകാലിന്റെ മുട്ടിന് താഴെ പാദം വരെയുള്ള ഭാഗവും ഇടതുകാലിന്റെ ഉപ്പൂറ്റിയിലും ദീര്‍ഘദൂരം റോഡില്‍ ഉരഞ്ഞതിന്റെ സൂചനകളാണ് നല്‍കുന്നത്. വലതുകക്ഷത്തുള്ള ആഴത്തിലുള്ള മുറിവ് വാഹനത്തിന്റെ ഏതെകിലും ഭാഗം കൊളുത്തിയതാകാമെന്നും പൊലീസ് കരുതുന്നു. വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അമ്പലപ്പുഴ സിഐ പറഞ്ഞു.

പ്രധാന വാർത്തകൾ
Top