19 September Wednesday

ദുരിത ബാധിതരെ സഹായിക്കുക എന്നതാണ്‌ ഇപ്പോഴത്തെ കർത്തവ്യം: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

തിരുവനന്തപുരം> മഴക്കെടുതിയിൽ ദുരിതം ബാധിച്ചവരെ സഹായിക്കുയാണ്‌ ഇപ്പോഴത്തെ പ്രധാന കർത്ത്യവമെന്ന്‌ വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തശേഷം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ  മീറ്റ്‌ ദി പ്രസിൽ സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ

ദുരിതബാധിതരെ  സഹായിക്കാൻ സംസ്‌ഥാനമൊന്നാകെ ഒരുമിച്ചുനിൽക്കുന്ന  കാഴ്‌ചയാണ്‌ ഇന്നുള്ളത്‌.  ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിമാനമുണ്ടാക്കുന്നതുമാണ്‌. ജനങ്ങളുടെ   എല്ലാം സഹകരണത്തോടെ  ദുരിതബാധിതരുടെ  പ്രയാസങ്ങൾ മനസിലാക്കി അവ ലഘൂകരിക്കുന്നതിനാവശ്യമായ നടപടികളാണ്‌ ഗവർമെൻറ്‌ സ്വീകരിക്കുന്നത്‌. ജാതി മത രാഷ്‌ട്രീയ വ്യത്യാസങ്ങൾക്ക്‌ അപ്പുറമായി ജനങ്ങളൊന്നാകെ ഒന്നിച്ചാണ്‌  ദുരിതാശ്വാസ പ്രർത്തനങ്ങൾ നടത്തുന്നത്‌. ഇത്‌ കേരളത്തിന്‌ ഏറെ പ്രതീക്ഷ നൽകുന്നതാണ്‌.

കുറച്ചുനാൾ മുമ്പ്‌ സംസ്‌ഥാനത്ത്‌  വ്യാപിച്ച നിപ്പ വൈറസ്‌ ഏറെ  മാരകമായിരുന്നു. എന്നാൽ നമ്മുടെ കേരളത്തിന്‌ കൂട്ടായ പ്രവർത്തനത്തിലൂടെ അതിനെ പ്രതിരോധിക്കാൻ സാധിച്ചു. മഹാരാജാസ്‌ കോളേജിലെ വിദ്യാർത്ഥി അഭിമന്യു ക്രൂരമായി കൊലചെയ്യപ്പെട്ടു. കേരളമൊന്നാകെ ആ  ക്രൂരകൃത്യത്തെ അപലപിച്ചു. ഇത്തരത്തിൽ കേരള മനസ്‌ എല്ലാ വ്യാത്യാസങ്ങൾക്കുമപ്പുറം ഒരുമിച്ച്‌ നീങ്ങിയാൽ  നമുക്ക്‌ ഐശ്വര്യ സമ്പന്നമായ കേരളം പടുത്തുയർത്താനാകും.

വ്യവസായം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകളാണ്‌ താൻ കൈകാര്യം ചെയ്യുകയെന്നും വ്യവസായ വളർച്ചക്ക്‌ അനുകൂലമായ സാഹചര്യമാണ്‌ ഇന്നുള്ളതെന്നും ഇ പി പറഞ്ഞു. കാർഷിക ‐ വ്യവസായിക പുരോഗതി ഒരുമിച്ചാണ്‌ കൈവരിക്കേണ്ടത്‌. അതോടൊപ്പം പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുകയും വേണം. പൊതുമേഖലയും ശക്‌തിപെടണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

പ്രധാന വാർത്തകൾ
Top