17 November Saturday

ഡിവൈഎഫ‌്ഐ സമാഹരിച്ച 8 ടൺ അരിയും സാധനങ്ങളും ദുരിതബാധിതർക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


കൊച്ചി
ദുരന്തബാധിതർക്ക‌് ഡിവൈഎഫ‌്ഐയുടെ കൈതാങ്ങ‌്. ഡിവൈഎഫ്ഐ മേഖലാ ജാഥകളുടെ സ്വീകരണത്തിന്റെ ഭാഗമായി ലഭിച്ച അരിയും പച്ചക്കറിയും പലചരക്കുസാധനങ്ങളും ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പുകളിലേക്ക് നൽകാൻ കൈമാറി. കാക്കനാട‌് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ‌് അരുൺകുമാറിൽനിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. 

‘ഇന്ത്യ അപകടത്തിൽ; പൊരുതാം നമുക്കൊന്നായ്’ എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ   15ന്  സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസംഗമത്തിന്റെ പ്രചാരണാർഥം നടത്തിയ മേഖലതല  കാൽനട പ്രചാരണജാഥയുടെ സ്വീകരണങ്ങളുടെ ഭാഗമായി മാലകൾക്ക‌ുപകരമാണ‌് അരിയും പലചരക്കു സാധനങ്ങളും പച്ചക്കറിയും ബിസ്ക്കറ്റും ശേഖരിച്ചത്. രണ്ട‌ു ടൺ അരിയും പലചരക്കു സാധനങ്ങളുമാണ് കലക്ടർക്ക‌് കൈമാറിയത‌്. ചടങ്ങിൽ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം എസ‌് സതീഷ്, ജില്ലാ പ്രസിഡന്റ‌് പ്രിൻസി കുര്യാക്കോസ്, സജി ജോർജ്, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി വി ‌എ  സക്കീർ ഹുസൈൻ, കെ ടി എൽദോ,  കെ ആർ ബാബു,  ടി എ സുഗുതൻ, സി എ രജീഷ്,  ഒ എം സലാവുദ്ദീൻ എന്നിവർ സംസാരിച്ചു.ആറ‌ു ടൺ അരിയും പലചരക്കുസാധനങ്ങളും കിറ്റുകളിലാക്കി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ദുരന്തബാധിതരുടെ വീട്ടിൽ നേരിട്ട് എത്തിക്കും. പറവൂർ, ചേരാനെല്ലൂർ, അലങ്ങാട്, നെടുമ്പാശേരി, കാലടി, അങ്കമാലി, പെരുമ്പാവൂർ , കോതമംഗലം എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസകേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ദുരിതബാധിതരുടെ വീടുകളിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഭക്ഷണസാധനക്കിറ്റുകൾ എത്തിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top