12 December Wednesday

ജലന്ധർ ബിഷപ്പിനെതിരായ അന്വേഷണം തൃപ്തികരം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


കൊച്ചി
ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളയ‌്ക്കലിനെതിരായ പീഡനപരാതിയിൽ പൊലീസ്‌ അന്വേഷണം തൃപ്തികരമെന്ന്‌ ഹൈക്കോടതി. കന്യാസ്‌ത്രീയുടെ പരാതിയിൽ അനുഭാവപൂർവമായ അന്വേഷണം പൊലീസ്‌ നടത്തുന്നുവെന്നും വീഴ്‌ചകൾ ഒന്നും കാണുന്നില്ലെന്നും ജസ്‌റ്റിസ്‌ ബി സുധീന്ദ്രകുമാർ വ്യക്തമാക്കി.

പരാതിയിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ബിഷപ്പിന്റെ അറസ്‌റ്റ്‌ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ കേരള കത്തോലിക്ക നവീകരണ സമിതി സമർപ്പിച്ച ഹർജിയാണ്‌ കോടതി പരിഗണിച്ചത്‌.

ബിഷപ്പിനെ ചോദ്യംചെയ്‌തതിനുശേഷം അറസ്‌റ്റ്‌ ആവശ്യമുണ്ടോയെന്ന്‌ തീരുമാനിക്കേണ്ടത്‌ അന്വേഷണ ഉദ്യോഗസ്ഥനാണെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്‌റ്റിന്‌  മേൽ  ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമില്ല. ഇതിനായി കൂടിയാലോചനയും പാടില്ല. സാക്ഷിമൊഴികളും മറ്റു വസ്‌തുതകളും പരിശോധിച്ചതിനുശേഷം മേൽ ഉദ്യോഗസ്ഥനുമായി കൂടിയാലോചിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ പ്രോസിക്യൂഷൻ വിശദീകരിച്ചപ്പോഴാണ്‌ കോടതി കൂടിയാലോചന ആവശ്യമില്ലെന്ന്‌ വ്യക്തമാക്കിയത്‌.

പ്രതിയെ സംരക്ഷിക്കാൻ സഭ സർക്കുലറും ലഘുലേഖകളും പ്രസിദ്ധീകരിച്ചതായി ഹർജിഭാഗം ചൂണ്ടിക്കാട്ടി. പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാനോ സമ്മർദത്തിലാക്കാനോ മോശക്കാരാക്കാനോ സഭാ അധികൃതർ ശ്രമിക്കരുതെന്ന്‌ കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ലഘുലേഖയോ സർക്കുലറോ പുറപ്പെടുവിക്കരുതെന്നും നിയമം ലംഘിച്ചാൽ  പൊലീസ്‌ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം തൃപ്തികരമായതിനാൽ ഇടപെടുന്നില്ലെന്ന്‌ വ്യക്തമാക്കി ഹർജിയിലെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചു.

പ്രധാന വാർത്തകൾ
Top