25 September Tuesday

മഹാരാജാസില്‍ അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ ആശുപത്രി വിട്ടു

സ്വന്തം ലേഖകന്‍Updated: Saturday Jul 14, 2018

അര്‍ജുനെ ആശുപത്രിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു

കൊച്ചി > അഭിമന്യുവിനൊപ്പം എസ്‌‌‌‌ഡിപിഐ ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകളുടെ കുത്തേറ്റ്  ചികിത്സയിലായിരുന്ന മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അര്‍ജുന്‍ കൃഷ്‌ണന്‍ ആശുപത്രി വിട്ടു. കരളിനും കുടലിനും മുറിവേറ്റ അര്‍ജുന്‍ 15 ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തുടര്‍ചികിത്സയുടെ ഭാഗമായി എറണാകുളത്തെ ബന്ധുവീട്ടിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

ജൂലൈ ഒന്നിന് രാത്രിയാണ് എസ്‌‌ഡിപിഐ ക്യാമ്പസ് ഫ്രണ്ട് കൊലയാളികള്‍ മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചത്. നെഞ്ചില്‍ കുത്തേറ്റ എസ്എഫ്‌ഐ നേതാവ് അഭിമന്യു സംഭവസ്ഥലത്തുതന്നെ പിടഞ്ഞുവീണു മരിച്ചു. ഒപ്പം കുത്തേറ്റ അര്‍ജുന് രാത്രിതന്നെ ശസ്‌ത്രക്രിയ നടത്തിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഇടുപ്പില്‍ കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വിനീത് ചികിത്സയ്‌ക്കുശേഷം വിശ്രമത്തിലാണ്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് അര്‍ജുനെ ശനിയാഴ്ച ആശുപത്രിയില്‍നിന്നു വിട്ടയച്ചത്. അച്ഛന്‍ എം ആര്‍ മനോജ്, അമ്മ ജെമിനി, സഹോദരി ലക്ഷ്മി, മറ്റ് ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പമാണ് അര്‍ജുന്‍ ആശുപത്രി വിട്ടത്. സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, സിപിഐ എം നേതാക്കളായ വി എ സക്കീര്‍ ഹുസൈന്‍, പി ആര്‍ റെനീഷ്, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സച്ചിന്‍ കുര്യാക്കോസ് എന്നിവര്‍ ആശുപത്രിയിലെത്തി.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top