18 November Sunday

അഴിമതി, അനധികൃത സ്വത്തുസമ്പാദനം പിറവം നഗരസഭാ ചെയർമാന്റെ വീട്ടിൽ വിജിലൻസ‌് റെയ‌്ഡ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018


പിറവം
വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദനം, വിവിധ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി എന്നീ പരാതികളിൽ പിറവം നഗരസഭാ  ചെയർമാനും കോൺഗ്രസ‌് നേതാവുമായ സാബു കെ ജേക്കബിന്റെ വീട്ടിൽ വിജിലൻസ്  റെയ്ഡ് നടന്നു. ഏതാനും ദിവസം  മുമ്പ‌് വിജിലൻസ് സംഘം നഗരസഭാ ഓഫീസിൽ പരിശോധന നടത്തിയിരുന്നു. പരാതികൾ സംബന്ധിച്ച് തെളിവു  ലഭിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ ചെയർമാന്റെ വീട്ടിൽ  റെയ്ഡ് നടത്തിയത‌്.

സാബു കെ ജേക്കബ് പിറവം പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കെ കക്കാട് വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിലേക്ക് 50 ലോഡ് മണൽ നൽകിയശേഷം 110 ലോഡ് നൽകിയതായി രേഖയുണ്ടാക്കി ബാക്കി മണൽ മറിച്ചുവിറ്റതായി പരാതി ഉണ്ടായിരുന്നു. കൂടാതെ മാലിന്യ സംസ്കരണത്തിനായി സാബുവിന്റെ നേതൃത്വത്തിൽ ട്രസ്റ്റ് രൂപീകരിച്ച‌് അനധികൃതമായി പണപ്പിരിവ് നടത്തിയതായും ആരോപണം ഉയർന്നു. ഇതേത്തുടർന്ന് മുൻ പഞ്ചായത്ത്‌ ഭരണസമിതിയിൽ കോൺഗ്രസ‌് അംഗമായിരുന്ന കുഞ്ഞുമോൾ തോമസിന്റെ ഭർത്താവ് എടയത്തുപാറ തോമസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകി. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഇടപെട്ട‌് വിജിലൻസ് അന്വേഷണം തടഞ്ഞു. ഏതാനും മാസം മുമ്പ‌് നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകുകയും വിജലൻസ് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രധാന വാർത്തകൾ
Top